22 ഇസ്ലാമിക രാജ്യങ്ങള്‍ മുത്തലാഖ് നിരോധിച്ചിട്ടുണ്ട്, എന്നാല്‍ ഇന്ത്യയിലെ പ്രമുഖ നേതാക്കളായ സോണിയാ ഗാന്ധി, മമതാ ബാനര്‍ജി, മായാവതി എന്നിവര്‍ എന്താണ് ഈ വിഷയത്തില്‍ അനുകൂല നിലപാട് സ്വീകരിക്കാത്തത് എന്ന ചോദ്യമുയര്‍ത്തി കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. മുത്തലാഖ് ബില്ല് ലിംഗനീതി ഉറപ്പാക്കുന്നതിനും ലിംഗസമത്വം സ്ഥാപിക്കുന്നതിനും വേണ്ടിയുള്ളതാണ്. ബില്ലിലെ വ്യവസ്ഥകളെ സംബന്ധിച്ച് സര്‍ക്കാരിന് തുറന്ന മനസ്സാണുള്ലത്. ബില്ലിലുള്ള ജാമ്യമില്ല എന്ന വ്യവസ്ഥ എന്തുകൊണ്ടാണ് പ്രതിപക്ഷത്തിന് സ്വീകാര്യമാവാത്തത് എന്നറിയില്ലെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
സുപ്രീം കോടതി വിധി വന്നിട്ടും, ലോക്സഭ മുത്തലാഖ് ബില്ല് പാസാക്കിയിട്ടും ഇപ്പോഴും തെലങ്കാന, ഉത്തര്‍പ്രദേശ് പോലുള്ള സംസ്ഥാനങ്ങളില്‍ മുത്തലാഖ് തുടര്‍ന്ന് വരുന്നുവെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ഡിസംബറില്‍ മുത്തലാക്കിനെ മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ കിട്ടാവുന്ന കുറ്റമാക്കി ലോക്സഭ ബില്ല് പാസാക്കിയിരുന്നു.
ലോക്സഭ ശുപാര്‍ശ ചെയ്ത ബില്ല് പ്രകാരം വാക്കാലോ, എഴുത്താലോ മറ്റേതെങ്കിലും വിധത്തിലോ ഉള്ള മുത്തലാഖ് കുറ്റകരവും അസാധുവുമാണ്. ഇതില്‍ സോഷ്യല്‍ മീഡിയ വഴിയുള്ള മുത്തലാഖും ഉള്‍പ്പെടും. അതേസമയം കേന്ദ്രസര്‍ക്കാരിന് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയില്‍ ബില്ല് പാസാക്കിയെടുക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ല. കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ കക്ഷികളും വിഷയത്തില്‍ തുറന്ന നിലപാട് സ്വീകരിക്കാത്തത് വിമര്‍ശനം ഉയര്‍ത്തിയിരുന്നു.
Discussion about this post