അടുത്ത ലോകസഭ തെരഞ്ഞെടുപ്പിലെ ശക്തനായ നേതാവ് ആരാകും എന്ന് കണ്ടെത്തുന്നതിനുള്ള ഓണ്‍ലൈന്‍ ചര്‍ച്ച വേദിയൊരുക്കി തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. ഐപിഎസി എന്ന പേരിലുള്ള വെബ്സെറ്റിലാണ് പ്രശാന്തും സംഘവും നാഷണല്‍ അജണ്ട ഫോറം എന്ന് പേരിട്ട പുതിയ തന്ത്രം പയറ്റാനൊരുങ്ങുന്നത്.’ആരായിരിക്കും അടുത്ത നേതാവ് ? നിങ്ങള്‍ തീരുമാനിക്കൂ’ എന്ന അടിക്കുറിപ്പോടെയാണ് പ്രശാന്ത് കിഷോറിന്റെ ഓണ്‍ലൈന്‍ വേദി ജനങ്ങളെ ‘വരവേല്‍ക്കുന്നത്’.
നാഷണല്‍ അജണ്ട ഫോറത്തിന്റെ വെബ്സൈറ്റില്‍ പ്രവേശിക്കുന്നവര്‍ക്ക് ആരാണ് അടുത്ത നേതാവെന്ന് വോട്ട് ചെയ്ത് കണ്ടെത്താം. ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളേയും അത് പരിഹരിക്കാന്‍ പ്രാപ്തരായ നേതാക്കളെയും കുറിച്ച് വ്യക്തമായി സംസാരിക്കുന്ന സോഷ്യല്‍ പ്ലാറ്റ്ഫോമായിരിക്കും ഇതെന്നാണ് പ്രശാന്ത് കിഷോര്‍ അവകാശപ്പെടുന്നത്.
വോട്ടിംഗിന്റെ ആദ്യ ഘട്ടത്തില്‍ രാജ്യത്തിന് വേണ്ടിയുള്ള പത്ത് അജണ്ടകള്‍ സംബന്ധിച്ച പോയിന്റുകള്‍ തെരഞ്ഞെടുക്കണം, 18 അജണ്ടകളാണ് വെബ്സൈറ്റില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. തുടര്‍ന്ന് ജനങ്ങള്‍ നേതാവിനെയും തെരഞ്ഞെടുക്കണം-ഇതാണ് വോട്ടിംഗിലെ രീതി. ആഗസ്റ്റ് 14വരെ വോട്ടു ചെയ്യാം. 15ന് ഇതിന്റെ ഫലം പുറത്തുവിടും. മൂന്നാമതൊരു ടീമായിരിക്കും ഫലം നിശ്ചയിക്കുകയെന്നും എന്‍എഎഫ് ഭാരവാഹികള്‍ പറയുന്നു.
നരേന്ദ്രമോദി, രാഹുല്‍ഗാന്ധി, മായാവതി, മമത ബാനര്‍ജി, അരവിന്ദ് കെജ്രിവാള് എന്നിങ്ങനെ 12 പേരെയാണ് തെരഞ്ഞെടുക്കാനുള്ള നേതാക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
.2014 ല്‍ നരേന്ദ്ര മോദിയെയും ബിജെപിയെയും അധികാരത്തിലെത്തിക്കാന്‍ വര്‍ഷങ്ങള്‍ അണിയറയില്‍ തന്ത്രങ്ങളൊരുക്കിയ പ്രശാന്ത് കിഷോര്‍ വീണ്ടും ബിജെപി പാളയത്തിലെത്തിയതായുള്ള റിപ്പോര്‍ട്ടുകള്‍ക്ക് പുറത്ത് വന്നിരുന്നു. ഇതിന് പിറകെയാണ് പുതിയ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിന്റെ അവതരണം.
വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരത്തിലെത്തിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണ് ഈ പ്ലാറ്റ് ഫോമുമെന്നാണ് വിമര്‍ശകരുടെ കണ്ടെത്തല്‍. കഴിഞ്ഞ കുറച്ചുമാസങ്ങളായി ഇദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും പാര്‍ട്ടി നേതൃത്വവുമായും മണിക്കൂറുകള്‍ നീണ്ട ചര്‍ച്ച നടത്തിയിരുന്നു. യുവജനതയുടെ പിന്തുണ വര്‍ദ്ധിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം എന്നതാണ് പ്രശാന്ത് ബിജെപിക്ക് നല്കിയ നിര്‍ദേശങ്ങളില്‍ പ്രധാനപ്പെട്ടതെന്നും അതിനായുള്ള പ്രവര്‍ത്തനത്തിന്റെ മുന്നോടിയാണ് നാഷണല്‍ അജണ്ട ഫോറമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
Discussion about this post