‘ആയുഷ്മാന്‍ ഭാരതി’ല്‍ ഉള്‍പ്പെട്ട പാവങ്ങളെ കൊള്ളയടിക്കാന്‍ സ്വകാര്യ ആശുപത്രികളെ അനുവദിക്കില്ലെന്ന് നീതി ആയോഗ്. ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ ചൂഷണം തടയാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും തട്ടിപ്പുനടത്തുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നുമാണ് മുന്നറിയിപ്പ്.നീതി ആയോഗ് അംഗം ഡോ. വിനോദ് കെ.പോള്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ ഉദ്ഘാടനം ഈ മാസം 23ന് ഝാര്‍ഖണ്ഡില്‍ പ്രധാനമന്ത്രി നിര്‍വഹിക്കും. അംഗങ്ങളാകുന്നവര്‍ക്ക് ഏതുസംസ്ഥാനത്തെയും ആശുപത്രികളില്‍ ചികില്സതേടാമെന്ന പ്രത്യേകതയാണ് ആയുഷ്മാന്‍ ഭാരതിനെ വ്യത്യസ്തമാക്കുന്നത്.
പ്രധാനമന്ത്രിയുടെ സ്വപ്ന പദ്ധതിയായ ആയുഷ്മാന്‍ ഭാരത് ഇന്ത്യയുടെ ആരോഗ്യരംഗത്തെ വിപ്ലവത്തിനാണ് തുടക്കംകുറിക്കുന്നത്. ദീന് ദയാല്‍ ഉപാധ്യായയുടെ ജന്മദിനമായ സെപ്റ്റംബര്‍ 25മുതല്‍ പദ്ധതി നടപ്പാകും. സര്‍ക്കാര്‍ ആശുപത്രികളിലും എംപാനല്‍ ചെയ്യപ്പെട്ട സ്വകാര്യ ആശുപത്രികളിലും ചികില്‍സതേടാം. രോഗി ഒരുരൂപപോലും സ്വന്തംപോക്കറ്റില്നിന്ന് ചെലവിടേണ്ടതില്ല. 2011ലെ സാമുദായിക സെന്‍സസിന്റെ അടിസ്ഥാനത്തില്‍ എണ്‍പത് ശതമാനം ഗുണഭോക്താക്കളെയും കണ്ടെത്തിക്കഴിഞ്ഞു. ചികില്‍സ നല്കുന്ന സ്വകാര്യ ആശുപത്രികള്‍ക്ക് ഓരോ ചികില്‍സയ്ക്കും സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള തുക നല്‍കും. സംസ്ഥാനതലത്തില്‍ രൂപവല്‍ക്കരിക്കുന്ന ഏജന്‍സിയായിരിക്കും ആശുപത്രികള്‍ക്കുള്ള പണം നല്‍കുക. 15ദിവസത്തിനകം തുക കൈമാറണമെന്നാണ് നിര്‍േദശം. എന്നാല്‍ രോഗികളെ ചൂഷണം ചെയ്യാന്‍ സ്വകാര്യ ആശുപത്രികളെ അനുവദിക്കില്ല.
പദ്ധതിക്കുകീഴിലെ മിക്കവാറും കുടുംബങ്ങളെ അറിയിച്ചുകഴിഞ്ഞു. ഓരോ സ്ഥലത്തെയും പ്രധാനമന്ത്രി ആയുഷ്മാന്‍ മിത്രിനാണ് ഇതിന്റെ ചുമതല. സര്‍ക്കാര്‍ ആശുപത്രികള്‍ക്കൊപ്പം സ്വകാര്യമേഖലയിലും വളര്‍ച്ചയുണ്ടാകും. ടൈര്‍ 2, 3 നഗരങ്ങളില്‍ കൂടുതല്‍ ആശുപ്രതികള്‍ ഉയര്‍ന്നുവരുമെന്നാണ് പ്രതീക്ഷയെന്ന് ഡോ. വിനോദ് പോള്‍ പറഞ്ഞു. ഇതുവഴി കൂടുതല്‍ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും.
Discussion about this post