തിരക്കും മത്സരവും നിറഞ്ഞ ഈ കോർപ്പറേറ്റ് ലോകത്ത് പലരും നേരിടുന്ന പ്രശ്‌നമാണ് മാനസികസംഘർഷം. പ്രതീക്ഷിച്ച രീതിയിൽ പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കാത്തതും, ജോലിസ്ഥലത്തെ ടാർഗറ്റുകൾ തികയ്ക്കാനുള്ള നെട്ടോട്ടവും,മത്സരവും പഴിചാരലുകളുമെല്ലാം ആളുകളെ പലരീതിയിൽ സമ്മർദ്ദത്തിലാക്കുന്നു. ഇത്തരം സമ്മർദ്ദങ്ങൾ പതിയെ വിഷാദരോഗത്തിലേക്കും പിന്നീട് ഗുരുതരമായ മറ്റ് അവസ്ഥകളിലേക്കും ചെന്നെത്തിക്കുമെന്ന് നേരത്തെ തന്നെ പഠനങ്ങൾ തെളിയിച്ചതാണ്. ഇപ്പോഴിതാ ജോലിസ്ഥലത്തെ പിരിമുറുക്കം കുറയ്ക്കാനായി വ്യത്യസ്തമായ ഒരു സേവനം മുന്നോട്ട് വയ്ക്കുകയാണ് ഇകെമെസോ ഡാൻഷി അഥവാ ഹാൻസം വീപ്പിംഗ് ബോയ് എന്ന സർവ്വീസ്. ഒരു ജപ്പാൻ തമ്പനിയാണ് ഇത്തരമൊരു സേവനം നൽകിവരുന്നത്. റുയി-കാറ്റ്‌സുവിന്റെ സ്ഥാപകനായ ഹിരോക്കി തെറോയിയാണ് ഈ ആശയത്തിന് പിന്നിലെ ബുദ്ധി കേന്ദ്രം.
ഒരു നിശ്ചിത തുക സർവ്വീസ് ചാർജ് നൽകിയാൽ, പ്രൊഫഷണലുകൾക്ക് അവരുടെ മനസ് തുറക്കാനും ദുഃഖങ്ങൾ പങ്കുവയ്ക്കാനും ആശ്വാസം നൽകാനും ഒരു സുന്ദരനായ പങ്കാളിയെ നൽകുകയാണ് സേവനത്തിലൂടെ ചെയ്യുന്നത്. ആവശ്യമുള്ള വീപ്പിംഗ് ബോയിയെ നമുക്ക് ഓൺലൈനായി സെലക്ട് ചെയ്യാവുന്നതാണ്. അവർ ജോലിസ്ഥലത്ത് നേരിട്ടെത്തി സേവനം നൽകും. 7900 യെൻ അഥവാ ഇന്ത്യൻ രൂപയിൽ 4000 രൂപയാണ് ഒരു തവണ സേവനം ലഭിക്കാനായി ചെലവിടേണ്ടി വരിക. ജോലിസ്ഥലത്തേക്ക് നേരിട്ടെത്തുന്ന ഹാൻസം വീപ്പിംഗ് ബോയ് ജോലി സംബന്ധമായ സമ്മർദ്ദങ്ങളെ നേരിടാൻ സഹായിക്കുകയും കണ്ണുനീർ തുടച്ചും കെട്ടിപ്പിടിച്ചുമെല്ലാം വൈകാരിക പിന്തുണ നൽകുകയും ചെയ്യും.
Discussion about this post