ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി ക്ഷേത്രാചാരങ്ങളെ ബാധിക്കുന്ന ഒന്നാണെന്നും ഇത് നടപ്പിലാക്കാന്‍ ദേവസ്വം ഉദ്യോഗസ്ഥര്‍ക്കാണ് തിടുക്കമെന്നും പന്തളം കൊട്ടാരം ട്രസ്റ്റ് പ്രസിഡന്റ് പി.ജി.ശശികുമാര്‍ വര്‍മ്മ പറഞ്ഞു. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാത്ത വിശ്വാസം നൂറ്റാണ്ടുകളായി അനുവര്‍ത്തിച്ച് പോരുന്ന ഒന്നാണെന്നും അത് മാറ്റപ്പെടുമ്പോള്‍ ഏത് തരത്തിലുള്ള പ്രതികരണമാണ് ഉണ്ടാകുക എന്ന് പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയില്‍ കാലോചിതമായ മാറ്റങ്ങള്‍ കൊണ്ടുവരണമെന്ന അഭിപ്രായം നിലനില്‍ക്കെ അത് കോടതി വിധിയിലൂടെ ആകരുതെന്നാണ് അദ്ദേഹം പറയുന്നത്. ഹൈന്ദവ വിശ്വാസികള്‍ പ്രതിഷേധിക്കുന്നത് ഭാരതീയ ക്ഷേത്രസങ്കല്‍പ്പങ്ങളെ മാറ്റിമറിക്കുന്ന കോടതി വിധിയ്ക്കെതിരെയാണെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയിലുള്ളത് നൈഷ്ഠിക ബ്രഹ്മചാരിയായ അയ്യപ്പനാണെന്നും മൂര്ത്തീഭാവത്തിന് അനുസൃതമായ ആചാരങ്ങളും താന്ത്രിക വിധിപ്രകാരമുള്ള പൂജകളുമാണ് ശബരിമലയില്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അവിടെയുള്ള ആചാരങ്ങള്‍ക്ക് പ്രതിഷ്ഠാ കാലത്തോളം പഴക്കമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം 41 ദിവസത്തെ വ്രതാനുഷ്ഠാനം യുവതികള്‍ക്ക് സാധ്യമല്ലെന്നും അതിനാലാണ് ക്ഷേത്രദര്‍ശനത്തില്‍ നിന്ന് വിലക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അയ്യപ്പന് സ്ത്രീവിരോധം ഉള്ളത് കൊണ്ടല്ല വിലക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.
പന്തളം കൊട്ടാരം എല്ലായെപ്പോഴും വിശ്വാസികളുടെ ഒപ്പമാണ് നിന്നതെന്നും അത് കൊണ്ട് തന്നെയാണ് വിശ്വാസികളുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിന് മുന്നില്‍ നില്കുന്നത് സ്ത്രീകളാണെന്നത് ഒരു വസ്തുതയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ നിലപാട് ക്ഷേത്ര സങ്കല്‍പ്പത്തെ തകര്‍ക്കുന്നതാണെന്നും കോടതി വിധി സ്വാഗതം ചെയ്ത് വിശ്വാസം മാനിക്കാതെ വിധി നടപ്പാക്കാന്‍ ശ്രമിക്കുകയുമാണ് ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം കോടതി വിധി നടപ്പിലാക്കാന്‍ തിടുക്കം കാണിക്കുന്നത് ദേവസ്വം ഉദ്യോഗസ്ഥരാണെന്നും അദ്ദേഹം ആരോപിച്ചു.
Discussion about this post