എന്‍.എസ്.എസ് കരയോഗതലത്തില്‍ നാമജപം നടത്തുന്നത് സര്‍ക്കാരിന്റെ കണ്ണു തുറപ്പിക്കാന്‍ വേണ്ടിയാണെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു. എന്‍.എസ്.എസ് പതാകദിനാചരണത്തിന് ശേഷം മന്നം സമാധിയില്‍ നടന്ന വിശ്വാസ സംരക്ഷണനാമജപം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുപ്രീം കോടതിയുടെ വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ കാണിക്കുന്ന തിടുക്കം സംശയം ജനിപ്പിക്കുന്ന ഒന്നാണെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ നിലപാടിനെതിരെ സമാധാനപരമായ രീതിയില്‍ പ്രതിഷേധിക്കാനുള്ള അവസരമാണ് നാമജപമെ്നും ആദ്യഘട്ടത്തില്‍ നടത്തിയ നാമജപത്തിന് ശേഷം വാശിയോടെ ശബരിമലയില്‍ ആളുകളെ എത്തിക്കാന്‍ ശ്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഇതിനാലാണ് കരയോഗതലത്തില്‍ നാമജപപ്രാര്‍ഥന നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
എന്‍.എസ്.എസ് സ്ഥാപകന്‍ മന്നത്ത് പത്മനാഭന്റെ ചരിത്രത്തെപ്പറ്റി അറിയാത്ത ചിലരാണ് നാട്ടിലിറങ്ങി തെറ്റിദ്ധാരണ പരത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഈ പ്രവണത ശരിയല്ലെന്നും സമൂഹത്തിലെ ചില വിഭാഗങ്ങള്‍ അനുഭവിക്കുന്ന ആനുകൂല്യങ്ങള്‍ മന്നത്ത് പത്മനാഭന്റെ കൂടി കഠിനാധ്വാനം മൂലം ഉണ്ടായതാണെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈശ്വര വിശ്വാസം ഉയര്‍ത്തിപ്പിടിക്കുന്നതിനാണ് ക്ഷേത്രങ്ങളുടെ സംരക്ഷണത്തിനായി ദേവസ്വം ബോര്‍ഡ് രൂപീകരിക്കാന്‍ മന്നത്തു പത്മനാഭന് മുന്‍കൈ എടുത്തതെന്ന് അദ്ദേഹം പറഞ്ഞു.
പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീം കോടതി നവംബര്‍ 13ന് പരിഗണിക്കുമ്പോള്‍ അനുകൂല വിധി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും മറിച്ചാണ് സംഭവിക്കുന്നതെങ്കില്‍ സമാനചിന്താഗതിയുള്ള സംഘടനകളുമായും ആലോചിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്ത് വിധി വന്നാലും എന്‍.എസ്.എസ് വിശ്വാസികള്‍ക്കൊപ്പമായിരിക്കും നില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ നിലപാടില്‍ രാഷ്ട്രീയമില്ലെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post