തിരുവനന്തപുരം: ഇടത് സര്‍ക്കാരിന്റെ രാഷ്ട്രീയ പരിപാടി എന്ന് ആക്ഷേപമുയര്‍ന്ന വനിതാ മതിലിനെ ചൊല്ലി വിവാദങ്ങള്‍ ഉയരുന്നു. ശബരിമല വിഷയത്തില്‍ ആചാരംലംഘനത്തിന് എതിരായ നിലപാട് സ്വീകരിക്കുന്നവരെ ഉള്‍പ്പടെ നിര്‍ബന്ധമായും പരിപാടിയില്‍ അണിനിരത്താനുള്ള നീക്കമാണ് സര്‍ക്കാരും ഇടത് പാര്‍ട്ടികളും നടത്തുന്നത്. സ്ത്രീകളായ എല്ലാ സംസ്ഥാന ജീവനക്കാരെയും അധ്യാപകരെയും ‘വനിതാ മതിലി’ല്‍ പങ്കെടുപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിനായി സാലറി ചാലഞ്ച് മാതൃകയില്‍ സര്‍വീസ് സംഘടനകള്‍ വഴി ജീവനക്കാര്‍ക്കു മേല്‍ സമ്മര്‍ദം ചെലുത്താനാണു നീക്കമെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.
ജീവനക്കാരെ പങ്കെടുപ്പിക്കാന്‍ സംഘടനകളോട് ആവശ്യപ്പെടണമെന്നു നിര്‍ദേശിച്ചു ചീഫ് സെക്രട്ടറി ടോം ജോസ് ഉത്തരവിറക്കി. ആശാ അങ്കണവാടി വര്‍ക്കര്‍മാര്‍, തൊഴിലുറപ്പു തൊഴിലാളികള്‍, തദ്ദേശസ്ഥാപനങ്ങളിലെ വനിതാ ജനപ്രതിനിധികള്‍, കുടുംബശ്രീ അംഗങ്ങള്‍, സഹകരണ സംഘങ്ങളിലെയും പൊതുമേഖല സ്ഥാപനങ്ങളിലെയും വനിതകള്‍ എന്നിവരെയും പങ്കെടുപ്പിക്കാനാണ് നിര്‍ദേശം
ജനുവരി ഒന്നിനു സംഘടിപ്പിക്കുന്ന വനിതാ മതിലിന്റെ ചെലവു പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കുമെന്നും തുക അനുവദിക്കാന്‍ ധനവകുപ്പിനോട് ആവശ്യപ്പെടുമെന്നും ഉത്തരവിലുണ്ട്. ആളെ ചേര്‍ക്കുന്നതിനും പ്രചാരണ സന്ദേശങ്ങള്‍ തയാറാക്കുന്നതിനും വിവിധ വകുപ്പുകളെ ഏകോപിപ്പിക്കുന്നതിനും ഫണ്ട് ചെലവഴിക്കുന്നതിനുമുള്ള ചുമതല സാമൂഹികനീതി വകുപ്പിനാണ്. എല്ലാ വീടുകളിലും ലഘുലേഖകള്‍ എത്തിക്കാന്‍ ശിശു വികസന വകുപ്പിനെ ചുമതലപ്പെടുത്തി. 12 വരെ കലക്ടര്‍മാര്‍ യോഗം വിളിച്ചു സംഘാടക സമിതികള്‍ക്കു രൂപം നല്‍കണം. കലക്ടര്‍ സംഘാടക സമിതി കണ്‍വീനറും പൊതുജന സമ്പര്‍ക്ക വകുപ്പിന്റെ ജില്ലാ മേധാവി ജോയിന്റ് കണ്‍വീനറും ആകണമെന്നാണ് ഉത്തരവ്. സംസ്ഥാനതല ഏകോപനത്തിനു മന്ത്രി എ.കെ. ബാലന് അധ്യക്ഷനും മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്, കെ. കൃഷ്ണന്‍കുട്ടി, രാമചന്ദ്രന് കടന്നപ്പള്ളി, എ.കെ. ശശീന്ദ്രന് എന്നിവര്‍ അംഗങ്ങളുമായി ഉപസമിതിയും രൂപീകരിച്ചിട്ടുണ്ട്.
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ടല്ല വനിത മതില് എന്ന വിശദീകരണമാണ് ചില കേന്ദ്രങ്ങള്‍ നല്‍കുന്നത്. പിന്നെ എന്തിനാണ് ഇപ്പോഴൊരു വനിതാ മതില് എന്നാണ് തിരിച്ചുള്ള ചോദ്യം. ശബരിമലയില്‍ നവോത്ഥാനത്തെ പിറകോട്ട് വലിക്കുന്ന യാതൊരു ഘടകവും ഇല്ലെന്നും, സമുദായ സംഘടനകളെ കൂട്ടുപിടിച്ച് ജാതി മത ശക്തികള്‍ക്ക് തലയുയര്‍ത്താന്‍ സര്‍ക്കാര്‍ തന്നെ അവസരമൊരുക്കുകയാണെന്ന വിമര്‍ശനവും ശക്തമാണ്.
Discussion about this post