തിരുവന്തപുരം:ജനുവരി ഒന്നിന് സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതില് ശബരിമല വിഷയത്തില്‍ തന്നെയെന്ന് നിയമസഭയില്‍ വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്.
ശബരിമലയിലെ സ്ത്രീ പ്രവേശവുമായി ബന്ധപ്പെട്ട് ഒരു വിഭാഗം നടത്തിയ ഇടപെടലുകള്‍ നവോത്ഥാന മൂല്യങ്ങളെ തകര്‍ക്കുന്നവിധമായിരുന്നു.ആ ഘട്ടത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ അത്തരം മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം കൊടുത്ത സംഘടനകളുടെ ഇന്നത്തെ നേതാക്കളുടെ യോഗം വിളിച്ചുചേര്‍ത്തതെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
ശബരിമല പ്രശ്നം അവതരിപ്പിച്ചപ്പോള്‍ പൊതുവായി ഒരു സ്ത്രീ മുന്നേറ്റം രൂപപ്പെടേണ്ടതുണ്ട് എന്ന അഭിപ്രായം അവരില്‍ നിന്ന് ഉയര്‍ന്നുവന്നു.അത് പ്രാവര്‍ത്തികമാക്കുന്നതിന് അവരുടേതായ സമിതിയും രൂപീകരിച്ചു. അങ്ങനെ വനിതാ മതില് ഉണ്ടാക്കണമെന്ന് നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച സംഘടനകള്‍ തീരുമാനിക്കുകയായിരുന്നു. ആ തീരുമാനത്തെ സര്‍ക്കാര്‍ പിന്തുണച്ചിട്ടുണ്ട്. അതു ശരിയാണ്. സര്‍ക്കാരിന് മാത്രമല്ല, ഇത്തരം ആശയങ്ങള്‍ക്കായി സ്ത്രീകള്‍ അണിനിരക്കണമെന്ന് അഭിപ്രായമുള്ള ആര്‍ക്കും വനിതാ മതിലിനെ പിന്തുണയ്ക്കാം.ഇതിന്റെ സംഘാടക സമിതിയിലും ആരെ അംഗങ്ങളാക്കുന്നതിനും സര്‍ക്കാരിന് ഒരു എതിര്‍പ്പുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇതിനെ പിന്തുണയ്ക്കാതെ മാറിനില്ക്കുന്നവര് ചരിത്രത്തിന്റെ ചവറ്റുകൊട്ടയില്‍ എറിയപ്പെടുകയാണ് ചെയ്യുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം മുന്നേറ്റങ്ങളെ എതിര്‍ത്തവരുടെ പേരുകള്‍ ഇന്ന് നാമാരും ഓര്‍ക്കുന്നില്ല. അതേസമയം ആ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരെ ജനങ്ങള്‍ ഇന്നും ഹൃദയത്തില്‍ ഏറ്റുവാങ്ങുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
വനിത മതില് ശബരിമലയിലെ ആചാരലംഘനവുമായി ബന്ധപ്പെട്ടുള്ളതെല്ല എന്നായിരുന്നു എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞിരുന്നത്. ശബരിമലയിലെ ആചാരലംഘനമാണെങ്കില്‍ മതിലിനോട് സഹകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് വനിത മതില് ശബരിമല വിഷയത്തില്ലലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞു. എന്നാല്‍ ഇതെല്ലാം തള്ളുന്ന നിലപാടാണ് മുഖ്യമന്ത്രി നിയമസഭയില്‍ സ്വീകരിച്ചത്. ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തിലാണ് സാമുദായിക സംഘടനകളുടെ യോഗം വിളിച്ചതെന്നും, ആ യോഗത്തിലാണ് വനിതാ മതില് എന്ന വിഷയം ഉയര്‍ന്നു വന്നതെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന സമുദായ സംഘടനകളെ വെട്ടിലാക്കും.
ശബരിമല വിഷത്തിലാണ് വനിത മതിലെങ്കില്‍ സംഘാടക സമിതിയില്‍ സഹകരിക്കില്ലെന്ന് 42 സമുദായ സംഘടനകളുടെ കൂട്ടായ്മ വ്യക്തമാക്കിയിരുന്നു. ബ്രാഹ്മണസഭയും പിന്‍വാങ്ങി. എന്‍എസ്എസ് യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. എസ്എന്‍ഡിപി യോഗത്തിലും വിഷയം അസംതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്
മുഖ്യമന്ത്രിയുടെ നിയമസഭയിലെ മറുപടി പ്രസംഗത്തില്‍ നിന്ന്-
നവോത്ഥാന പ്രസ്ഥാനങ്ങളുടെ ഭാഗമായി ഉയര്‍ന്നുവന്ന ഗുണപരമായ മൂല്യങ്ങളെയെല്ലാം തകര്‍ക്കാനുള്ള പരിശ്രമങ്ങളും വര്‍ത്തമാനകാലത്ത് ഉയര്‍ന്നുവന്നിട്ടുണ്ട്.അതിനെതിരായുള്ള പ്രതിരോധം കൂടിയാണ് വനിതാ മതില്. സ്ത്രീകളുടെ അന്തസ്സും ആത്മാഭിമാനവും തുല്യാവകാശങ്ങളും ഉറപ്പാക്കി കേരളം പുരോഗമനപാതയില്‍ മുന്നേറുമെന്ന് പ്രഖ്യാപിക്കുന്ന നമ്മുടെ നാടിന്റെ അഭിമാന മതിലായാണ് ഇതിനെ നാം കാണേണ്ടത്.
ഏറെ ദുരിതപൂര്‍ണ്ണമായ ഒരു കാലത്തെ പിന്നിട്ടാണ് നാം ഇവിടെ എത്തിച്ചേര്‍ന്നത് എന്ന് മറക്കരുത്. ചാതുര്‍വര്‍ണ്യത്തിന്റെയും അതില്‍ നിന്ന് ഉയര്‍ന്നുവന്ന ജാതി വ്യവസ്ഥയുടെയും കരാളലോകത്ത് എരിഞ്ഞടങ്ങിയതായിരുന്നു നമ്മുടെ പൂര്‍വ്വികരില്‍ ബഹുഭൂരിപക്ഷത്തിന്റെയും ജീവിതം……
ജാതി വ്യവസ്ഥയുടെ അടിച്ചമര്‍ത്തലുകളില്‍ അക്കാലത്തെ ബഹുഭൂരിപക്ഷം മനുഷ്യരുടെയും ജീവിതങ്ങള്‍ പിടഞ്ഞുതീരുകയായിരുന്നു.സ്ത്രീ ജീവിതം അടിച്ചമര്‍ത്തപ്പെട്ടത് അതിനേക്കാള്‍ എത്രയോ ഭീകരരൂപത്തിലായിരുന്നു. അകത്തളങ്ങളില്‍ എരിഞ്ഞുതീര്ന്നവരും പണിയിടങ്ങളില്‍ അടിയേറ്റ് മരിച്ചവരും കാമഭ്രാന്തില്‍ ജീവിതം പൊലിഞ്ഞവരും ഏറെയുണ്ടായിരുന്നു അക്കാലത്ത്.
ഒരു വിഭാഗം സ്ത്രീകളും തെറ്റായ നീതിബോധങ്ങളാല് നയിക്കപ്പെട്ടതിനാല് പൊതുവായ സ്ത്രീ വിരുദ്ധതയില്‍ നിന്ന് മാറിനില്‍ക്കുന്ന സ്ഥിതിവിശേഷമായിരുന്നില്ല അന്നുണ്ടായിരുന്നത്.
ഉന്നത ശ്രേണിയില്‍ ഉണ്ടായിരുന്നുവെന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ത്രീകളുടെയും അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളിലെ സ്ത്രീകളുടെയും കാര്യത്തില്‍ ഏറെ അന്തരങ്ങള്‍ ഉണ്ടായിരുന്നുമില്ല.
വിദ്യാഭ്യാസത്തിന്റെ വെളിച്ചം ലഭിച്ചവര്‍ക്കു പോലും ലോകത്തിന്റെ വെളിച്ചം കാണാതെ കഴിയേണ്ടിവന്നതായിരുന്നു അന്നത്തെ ജീവിതം.ശാരീരിക, മാനസിക പീഡനങ്ങളുടെ തുടര്‍ക്കഥയായിരുന്നു അവ. ദായക്രമത്തിലും വിവാഹ ബന്ധങ്ങളിലും നിലനിന്ന സ്ത്രീ വിരുദ്ധമായ ആചാരക്രമങ്ങളില്‍ എരിഞ്ഞുതീര്‍ന്ന ജന്മങ്ങളായിരുന്നു അക്കാലത്തെ സ്ത്രീകളുടേത്.
ഇന്നത്തെ തലമുറയ്ക്ക് സങ്കല്പ്പിക്കുന്നതിനപ്പുറത്തായിരുന്നു അവയെല്ലാം. പുളികുടി കല്യാണം, തിരണ്ട് കല്യാണം, താലികെട്ട് കല്യാണം തുടങ്ങിയവയെല്ലാം അതിന്റെ ഭാഗമായിരുന്നു.
അടിയാളര്‍ എന്നുവിളിച്ചിരുന്ന അദ്ധ്വാനിക്കുന്ന ജനവിഭാഗത്തിനുമേലുളള ലൈംഗികാതിക്രമങ്ങള്‍, ജാതി തിരിച്ചറിയാനായി കല്ലുമാല ധരിക്കണമെന്നതുപോലുള്ള വ്യവസ്ഥകള്‍.
അടിമത്വത്തിന്റെ അടയാളങ്ങള്‍ പേറി നടന്ന ജീവിതമായിരുന്നു അടിസ്ഥാന വിഭാഗത്തിലെ സ്ത്രീകളുടേത്. തൊഴിലിടങ്ങളില്‍ നേരിടേണ്ടി വന്ന പീഡനങ്ങളും ഏറെയായിരുന്നു. കൂലിയുടെ കാര്യത്തിലെ വിവേചനങ്ങള്‍ വേറെയും.ജാതീയമായ അടിച്ചമര്തത്തലുകളുടെയും മറ്റു വിവിധ രൂപങ്ങളിലുള്ള പീഡനങ്ങള്‍ക്കുമെതിരെ ജനകീയമായ മുന്നേറ്റങ്ങളുടെ പരമ്പരകള്‍ നമ്മുടെ നാട്ടില്‍ ഉയര്‍ന്നുവരാന്‍ തുടങ്ങി……
…… നവോത്ഥാന മൂല്യങ്ങള്‍ ഉള്‍ക്കൊണ്ടാണ് സ്ത്രീപുരുഷ സമത്വം ഭരണഘടന വിഭാവനം ചെയ്തത്. അതിന്റെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനമെന്ന കോടതി വിധി പുറപ്പെടുവിച്ചത്. ശബരിമലയിലെ സ്ത്രീ പ്രവേശവുമായി ബന്ധപ്പെട്ട് ഒരു വിഭാഗം നടത്തിയ ഇടപെടലുകള്‍ നവോത്ഥാന മൂല്യങ്ങളെ തകര്‍ക്കുന്നവിധമായിരുന്നു. ആ ഘട്ടത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ അത്തരം മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം കൊടുത്ത സംഘടനകളുടെ ഇന്നത്തെ നേതാക്കളുടെ യോഗം വിളിച്ചുചേര്‍ത്തത്. ആ യോഗത്തില്‍ അവതരിപ്പിച്ച കാര്യമെന്തെന്ന് പത്രങ്ങളിലൂടെ വ്യക്തമായിട്ടുള്ളതാണ്. ഈ പ്രശ്നം അവതരിപ്പിച്ചപ്പോള്‍ പൊതുവായി ഒരു സ്ത്രീ മുന്നേറ്റം രൂപപ്പെടേണ്ടതുണ്ട് എന്ന അഭിപ്രായം അവരില്‍ നിന്ന് ഉയര്‍ന്നുവന്നു.
അത് പ്രാവര്‍ത്തികമാക്കുന്നതിന് അവരുടേതായ സമിതിയും രൂപീകരിച്ചു. അങ്ങനെ വനിതാ മതില് ഉണ്ടാക്കണമെന്ന് നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച സംഘടനകള്‍ തീരുമാനിക്കുകയായിരുന്നു.
ആ തീരുമാനത്തെ സര്‍ക്കാര്‍ പിന്തുണച്ചിട്ടുണ്ട്. അതു ശരിയാണ്. സര്‍ക്കാരിന് മാത്രമല്ല, ഇത്തരം ആശയങ്ങള്‍ക്കായി സ്ത്രീകള്‍ അണിനിരക്കണമെന്ന് അഭിപ്രായമുള്ള ആര്‍ക്കും വനിതാ മതിലിനെ പിന്തുണയ്ക്കാം.
അതില്‍ കണ്ണികളാവാനുള്ള പ്രചരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുകയും ചെയ്യാം. ഇതിന്റെ സംഘാടക സമിതിയിലും ആരെ അംഗങ്ങളാക്കുന്നതിനും സര്‍ക്കാരിന് ഒരു എതിര്‍പ്പുമില്ല.
എല്ലാ വനിതാ അംഗങ്ങളെയും വനിതാ മതിലില്‍ പങ്കുചേരാന്‍ വേണ്ടി പ്രത്യേകമായി ക്ഷണിക്കട്ടെ. യുഡിഎഫിന്റെ നിയമസഭാകക്ഷിയില്‍ വനിതാ അംഗങ്ങള്‍ ഇല്ലെങ്കിലും നിങ്ങളുടെ സംഘടനയില്‍ പെട്ടവരെ അതില്‍ പങ്കെടുപ്പിക്കാന്‍ ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യട്ടെ.അതേ സമയം വനിതാ മതിലിന്റെ സംഘാടനത്തിനായി സര്‍ക്കാര്‍ ഫണ്ട് ഉപയോഗിക്കാന്‍ യാതൊരു ഉദ്ദേശ്യവുമില്ല. അതിന് ആവശ്യമായ പണം ഇത് സംഘടിപ്പിക്കുന്നതിന് നേതൃത്വം കൊടുത്തവരും അവരെ പിന്തുണയ്ക്കുന്നവരും ജനങ്ങളില്‍ നിന്ന് കണ്ടെത്തുമെന്ന സ്ഥിതിയാണ് ഉള്ളത്.അതുകൊണ്ട് തന്നെ സര്‍ക്കാരിന്റെ ഒരു, സാമ്പത്തികസഹായവും ഇതിന് ആവശ്യമില്ല. ഇത് ജനങ്ങള്‍ പ്രത്യേകിച്ചും സ്ത്രീകള്‍ ഹൃദയത്തില്‍ ഏറ്റുവാങ്ങിക്കഴിഞ്ഞ ഒരു മഹാമുന്നേറ്റമാണ്.ഇതിനെ പിന്തുണയ്ക്കാതെ മാറിനില്ക്കുന്നവര് ചരിത്രത്തിന്റെ ചവറ്റുകൊട്ടയില്‍ എറിയപ്പെടുകയാണ് ചെയ്യുക എന്ന യാഥാര്‍ത്ഥ്യവും നിങ്ങള്‍ മറക്കരുത്. ഇത്തരം മുന്നേറ്റങ്ങളെ എതിര്‍ത്തവരുടെ പേരുകള്‍ ഇന്ന് നാമാരും ഓര്‍ക്കുന്നില്ല. അതേസമയം ആ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരെ ജനങ്ങള്‍ ഇന്നും ഹൃദയത്തില്‍ ഏറ്റുവാങ്ങുന്നു. ചരിത്രം അങ്ങനെയാണ് എന്നതും വിസ്മരിക്കരുത്. നമ്മുടെ നാടിന്റെ അഭിമാനമായി മാറാന്‍ പോകുന്ന വനിതാമതിലിനെ സംബന്ധിച്ച് നടത്തുന്ന ദുഷ്പ്രചരണങ്ങള്‍ വസ്തുതയ്ക്ക് നിരക്കുന്നതല്ല. അതുകൊണ്ട് തന്നെ ഈ അടിയന്തര പ്രമേയം ചര്‍ച്ചയ്ക്കെടുക്കേണ്ട കാര്യമില്ല.
Discussion about this post