ഉത്തര്‍ പ്രദേശിലെ പ്രായാഗ്രാജില് 2019ല്‍ നടക്കാനിരിക്കുന്ന കുംഭ മേളയ്ക്ക് വലിയ തയ്യാറെടുപ്പുകളാണ് നടക്കുന്നത്. മാനവികതയുടെ ഏറ്റവും വലിയ ഒത്തുകൂടലെന്ന് വിശേഷിപ്പിക്കാവുന്ന കുംഭ മേളയില്‍ 10 മുതല്‍ 15 കോടി സന്ദര്‍ശകര്‍ വരുമെന്നാണ് കണക്കുകൂട്ടല്‍. ഇതില്‍ കോടിക്കണക്കിന് ഭക്തജനങ്ങളുണ്ടാകും, സാധുക്കളുണ്ടാകും, വിനോദ സഞ്ചാരികളുണ്ടാകും. ഇവര്‍ ഗംഗയുടെയും യമുനയുടെയും തീരത്ത് വന്നെത്തുമ്പോള്‍ ഇവര്‍ക്കു വേണ്ട സൗകര്യങ്ങളൊരുക്കുന്നതില്‍ എല്ലാ തയ്യാറെടുപ്പുകളും സര്‍ക്കാര്‍ ചെയ്യുന്നുണ്ട്.
ജനുവരി 15ന് തുടങ്ങുന്ന കുംഭ മേളയ്ക്ക് വേണ്ടി നിരവധി താല്‍ക്കാലിക പാലങ്ങളാണ് യോഗി സര്‍ക്കാര്‍ നിര്‍മ്മിക്കുന്നത്. വരുന്നവര്‍ക്ക് ഭക്ഷണ സൗകര്യം ഒരുക്കുന്നതിനായി 600 വലിയ പാചകശാലകളും ഒരുങ്ങുന്നു. കൂടാതെ പ്രാഥമിക ആവശ്യങ്ങള്‍ക്കായി ഒരു ലക്ഷത്തോളം പോര്‍ട്ടബിള്‍ ടോയ്ലറ്റുകളും നിര്‍മ്മിക്കപ്പെടുന്നു. സന്ദര്‍ശകര്‍ക്ക് ഉറങ്ങാനായി വലിയ ടെന്റുകള്‍ യമുനാ നദിയുടെയും ഗംഗാ നദിയുടെയും തീരങ്ങളില്‍ ഉയരും. ഓരോ ടെന്റിലും ആയിരം പേര്‍ക്ക് കിടക്കാന്‍ സാധിക്കും. സുരക്ഷയ്ക്കായി ആയിരക്കണക്കിന് പോലീസുകാരെയും നിയമിക്കുന്നതായിരിക്കും.
കുംഭ മേളയ്ക്ക് വേണ്ടി പ്രത്യേക ട്രെയിന്‍ സര്‍വ്വീസും നടത്തുന്നതായിരിക്കുമെന്ന് റെയില്‍വെ വ്യക്തമാക്കുന്നു. വടക്ക് കിഴക്കന്‍ റെയില്‍വെ നൂറില്‍ പരം പ്രത്യേക ട്രെയിനുകള്‍ കുംഭ മേളയ്ക്കായി ഓടിക്കുന്നുണ്ട്. ഇവയില്‍ ടിക്കറ്റ് നിരക്കും കുറച്ചിട്ടുണ്ട്. ഏറ്റവും കുറഞ്ഞ നിരക്ക് അഞ്ച് രൂപയാണ്.
കുംഭ മേളയില്‍ പങ്കെടുക്കാന്‍ ലക്ഷക്കണക്കിന് വിദേശികളും പ്രയാഗ്രാജില് എത്തുന്നതായിരിക്കും. കഴിഞ്ഞ ശനിയാഴ്ച വിദേശ രാജ്യങ്ങളിലെ ചില നയതന്ത്രജ്ഞര്‍ പ്രയാഗ്രാജ് സന്ദര്‍ശിച്ച് സൗകര്യങ്ങള്‍ വിലയിരുത്തിയിരുന്നു.
Discussion about this post