സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിനെതിരെ എന്‍.എസ്.എസ് നേതൃത്വം എടുത്തിരിക്കുന്ന നിലപാട് നായര്‍ സമുദായം തള്ളിക്കളയുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് അഭിപ്രായപ്പെട്ടു. വനിതാ മതില് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ എന്‍.എസ്.എസിന് നിലപാടെടുക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും എന്നാല്‍ ആ നിലപാട് ശരിയാണോ എന്ന് പരിശോധിക്കാന്‍ സമുദായത്തിലെ അംഗങ്ങള്‍ക്കും സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ നവോത്ഥാനത്തില്‍ എന്‍.എസ്.എസ് സ്ഥാപകനായ മന്നത്ത് പത്മനാഭന് വലിയ പങ്ക് വഹിച്ചിട്ടുണ്ടെങ്കിലും ജനാധിപത്യ സര്‍ക്കാരിനെ പുറത്താക്കാനുള്ള നീക്കത്തിനും അദ്ദേഹം നേതൃത്വം വഹിച്ചിട്ടുണ്ടെന്ന് കാനം രാജേന്ദ്രന് പറഞ്ഞു.
എന്‍.എസ്.എസും ബി.ഡി.ജെ.എസും സ്വിച്ചിട്ടാലന് പ്രവര്‍ത്തിക്കുന്ന സംഘടനകളല്ലെന്ന് മുന്‍പ് തന്നെ മനസ്സിലായതാണെന്ന് കാനം ചൂണ്ടിക്കാട്ടി. നേതൃത്വം പറയുന്നതനുസരിച്ച് വോട്ട് ചെയ്യുന്നവരാണെങ്കില്‍ അത് തിരഞ്ഞെടുപ്പുകളില്‍ പ്രകടമാകേണ്ടതായിരുന്നുവെന്നും കാനം പറഞ്ഞു.
അതേസമയം വനിതാ മതിലില്‍ എല്ലാ മതസ്ഥര്‍ക്കും പങ്കെടുക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി. നവോത്ഥാനമൂല്യങ്ങളില്‍ താല്‍പ്പര്യമുള്ള കേരളത്തിലെ മനുഷ്യരെയാണു വനിതാമതിലില്‍ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. വനിതാ മതിലിന് വേണ്ടി ന്യൂനപക്ഷ സമുദായങ്ങളെയും സംഘടനകളെയും ക്ഷണിച്ചാല്‍ അത് ന്യൂനപക്ഷങ്ങളെ ഒരുമിച്ചുകൂട്ടി ഹിന്ദുസമൂഹത്തെ എതിര്‍ക്കുന്ന നടപടിയാണെന്ന് ആരോപണമുയരുമെന്ന് അദ്ദേഹം പറഞ്ഞു.
ക്രൈസ്തവ, മുസ്ലീം വിഭാഗങ്ങളും കേരളത്തിന്റെ നവോത്ഥാനത്തില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എഴുത്തച്ഛനാണ് മലയാളം ഭാഷയുടെ പിതാവെങ്കിലും അച്ചടിയുള്‍പ്പെടെയുള്ള ഭാഷാവികസനപ്രവര്ത്തനങ്ങളില് ക്രിസ്ത്യന്‍ പാതിരിമാര്‍ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് കാനം പറഞ്ഞു. വനിതാ മതിലിനെ വര്‍ഗ്ഗീയ മതിലെന്ന് വിശേഷിപ്പിക്കുന്നവര്‍ ഇരുട്ടുകൊണ്ട് ഓടയടയ്ക്കാന് നോക്കുന്നവരാണെന്നും കാനം വിമര്‍ശിച്ചു.
Discussion about this post