സൊഹറാബുദ്ദീന്‍ കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശത്തിനെതിരെ ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലി രംഗത്ത് വന്നു. സൊഹറാബുദ്ദീന്‍ വധക്കേസിന്റെ അന്വേഷണത്തെ ആരാണ് കൊന്നതെന്ന ചോദ്യമാണ് രാഹുല്‍ ഗാന്ധി ചോദിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
കേസിലെ 22 പ്രതികളെയും വെറുതെ വിട്ടു കൊണ്ടുള്ള കോടതി വിധി വന്ന ദിവസം സൊഹറാബുദ്ദീനെ ആരും കൊന്നില്ല എന്ന പരാമര്‍ശമാണ് രാഹുല്‍ ഗാന്ധി നടത്തിയത്. എന്നാല്‍ ആരാണ് സൊഹറാബുദ്ദീന്‍ കേസന്വേഷണത്തെ കൊന്നതെന്ന ചോദ്യം രാഹുല്‍ ഗാന്ധി ചോദിക്കുകയാണെങ്കില്‍ രാഹുലിന് കൃത്യമായ ഉത്തരം ലഭിക്കുമെന്ന് അരുണ്‍ ജെയ്റ്റ്ലി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
അന്വേഷണ ഏജന്‍സി നേരായ രീതിയില്‍ കേസന്വേഷിച്ചില്ലെന്നും കേസന്വേഷണം ചില രാഷ്ട്രീയ വ്യക്തിത്വങ്ങളുടെ നേരെയാക്കാന്‍ ശ്രമിച്ചുവെന്നും കോടതി നിരീക്ഷിച്ചതാണ് പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള വിധിയെക്കാള്‍ പ്രധാനമെന്ന് അരുണ്‍ ജെയ്റ്റ്ലി ചൂണ്ടിക്കാട്ടി.
താന്‍ പ്രതിപക്ഷ നേതാവായിരിക്കെ 2013 സെപ്റ്റംബര്‍ 27ന് അന്നത്തെ പ്രധാനമന്ത്രി മന്മോഹന് സിംഗിന് ഒരു കത്തെഴുതിയിരുന്ന കാര്യവും അരുണ്‍ ജെയ്റ്റ്ലി ചൂണ്ടിക്കാട്ടി. സൊഹറാബുദ്ദീന്‍, തുള്‍സി പ്രജാപതി, ഇഷ്രത് ജഹാന്, രജീന്ദര്‍ റാഠോര്‍, ഹരണ്‍ പാണ്ഡ്യ തുടങ്ങിയ കേസുകള്‍ രാഷ്ട്രീയവല്ക്കരിക്കപ്പെടുന്നുവെന്ന് കത്തില്‍ താന്‍ പറഞ്ഞിരുന്നുവെന്ന് അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. തുടര്‍ന്ന് അടുത്ത അഞ്ച് വര്‍ഷങ്ങള്‍ കൊണ്ട് താന്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്ന് തെളിയുകയായിരുന്നുവെന്നും ജെയ്റ്റ്ലി ചൂണ്ടിക്കാട്ടി.
രാജ്യത്തെ അന്വേഷണ ഏജന്‍സികള്‍ക്ക് മേല്‍ കോണ്‍ഗ്രസ് എന്ത് തരത്തിലുള്ള സമ്മര്‍ദ്ദമാണ് ചെലുത്തുന്നതെന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post