എയര്‍സെല്‍ മാക്സിസ് കേസിലും ഐ.എന്‍.എക്സ് മീഡിയ കേസിലും പ്രതിയായ കാര്‍ത്തി ചിദംബരത്തിന് താക്കീതുമായി സുപ്രീം കോടതി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകാന്‍ സുപ്രീം കോടതി കാര്‍ത്തിയോട് നിര്‍ദ്ദേശിച്ചു. നിയമത്തോട് കളിക്കരുതെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. മാര്‍ച്ച് 5, 6, 7, 12 എന്നീ തീയ്യതികളില്‍ എന്‍ഫോഴ്സ്മെന്റിന് മുന്നില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം നല്‍കിയത്.
ഫ്രാന്‍സില്‍ പോകാനായി 2018 നവംബറില്‍ കാര്‍ത്തി ചിദംബരം നല്കിയ ഹര്‍ജി പരിഗണിക്കവെയായിരുന്നു സുപ്രീം കോടതിയുടെ പരാമര്‍ശം. ഫ്രാന്‍സില്‍ പോകുന്നതിന് മുന്നോടിയായി 10 കോടി രൂപ കെട്ടിവെക്കാനും കോടതി നിര്‍ദ്ദേശിച്ചു. വിദേശത്തേക്ക് പോകുന്നതിന് കോടതി എതിരല്ലെങ്കിലും കേസില്‍ സഹകരിച്ചില്ലെങ്കില്‍ കടുത്ത നടപടികള്‍ നേരിടേണ്ടി വരുമെന്നും സുപ്രീം കോടതി മുന്നറിയിപ്പ് നല്കി.
വിദേശത്ത് പോകാന്‍ അനുമതി തേടിയുള്ള ഹര്‍ജിയെ എന്‍ഫോഴ്സ്മെന്റ് വകുപ്പ് എതിര്‍ത്തു. കാര്‍ത്തി ചിദംബരം കേസിനോട് സഹകരിക്കുന്നില്ലെന്നും ഇത് മൂലം കേസ് നീണ്ട് പോകുകയാണെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ പറഞ്ഞു. കഴിഞ്ഞ ആറ് മാസത്തിനിടെ 51 ദിവസം കാര്‍ത്തി വിദേശത്തായിരുന്നുവെന്നും എന്‍ഫോഴ്സ്മെന്റ് വകുപ്പ് വ്യക്തമാക്കി.
Discussion about this post