ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മൂലയ്ക്കൽ കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവത്തിൽ കുറ്റപത്രം കോടതി ഫയലിൽ സ്വീകരിച്ചു.ഈ മാസം പത്താം തീയതി പ്രതി കോടതിയിൽ ഹാജരാകണമെന്നാണ് കോടതി ഉത്തരവ്.പാലാ ജുഡീഷ്യൽ മജിസ്ട്രറ്റ് കോടതിയാണ് സമൻസ് ഉത്തരവ് ഇറക്കിയത്.
ജീവപര്യന്തം വരെ ശിക്ഷ കിട്ടാവുന്ന കുറ്റങ്ങളാണ് ബിഷപ്പിനെതിരെ ചാർത്തിയിരിക്കുന്നത്. ബലാത്സംഗം ഉൾപ്പടെ അഞ്ച് വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. അധികാര ദുർവിനിയോഗം നടത്തി ലൈംഗികമായി പീഡിപ്പിക്കൽ, അന്യായമായി തടഞ്ഞുവയ്ക്കൽ, പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം, ഭീഷണിപ്പെടുത്തി മേലധികാരം ഉപയോഗിച്ച് തന്റെ നിയന്ത്രണത്തിലുള്ള സ്ത്രീയെ ലൈംഗികമായി ദുരുപയോഗം ചെയ്യൽ തുടങ്ങിയവയ്ക്കാണ് കേസ്.
കേസിൽ കർദ്ദിനാൾ ആലഞ്ചേരി ഉൾപ്പടെ 83 സാക്ഷികളാണുള്ളത്. ഇതിൽ 11 വൈദികരും, മൂന്നു ബിഷപ്പുമാരും, 25 കന്യാസ്ത്രീമാരും, രഹസ്യമൊഴിയെടുത്ത മജിസ്ട്രേട്ടുമാർ എന്നിവരും ഉള്‍പ്പെടും.
കഴിഞ്ഞ സെപ്റ്റംബർ ആദ്യവാരം കൊച്ചി വഞ്ചി സ്ക്വയറിലെത്തി പതിനഞ്ച് ദിവസം കന്യാസ്ത്രീമാർ സമരം നടത്തിയതിനെ തുടർന്നാണ് ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.
Discussion about this post