എറണാകുളം: മഹാകുംഭമേളയിൽ പങ്കെടുത്തതിന്റെ അനുഭവം പങ്കുവച്ച് റീജ കൃഷ്ണ. ഫേസ്ബുക്ക് കുറിപ്പിലൂടെ ആയിരുന്നു ദിവ്യാംഗ കൂടിയായ റീജ മനോഹരമായ അനുഭവങ്ങൾ പങ്കുവച്ചത്. കുംഭമേളയിലെ സൗകര്യങ്ങളുടെ കുറവിനെക്കുറിച്ച് പ്രചരിക്കുന്നത് കള്ളമാണെന്നും, കേരളത്തിൽനിന്ന് മഹാ കുംഭമേളയിൽ വീൽചെയറിൽ പങ്കെടുത്ത ഒരു വ്യക്തി ഒരുപക്ഷേ താൻ ആയിരിക്കും എന്നും റീജ പറഞ്ഞു.
വീൽചെയറിൽ ആയതുകൊണ്ട് ജീവിതത്തിൽ ഒരിക്കലും കുംഭമേളയിൽ പങ്കെടുക്കാൻ കഴിയില്ലെന്നാണ് കരുതിയിരുന്നത് എന്ന് റീജ ഫേസ്ബുക്കിൽ കുറിച്ചു. 144 വർഷങ്ങൾക്ക് ശേഷം നടക്കുന്ന മഹാകുംഭമേളയ്ക്ക് പോകാൻ തീരുമാനിച്ചപ്പോൾ ആദ്യം കേട്ടവാർത്ത ബാരിക്കേഡ് തകർന്ന് 30 പേർ മരിച്ചു എന്നത് ആയിരുന്നു. എന്നാൽ തീരുമാനത്തിൽ നിന്നും പിന്മാറിയില്ല. അവിടുത്തെ സൗകര്യങ്ങളെക്കുറിച്ച് സുഹൃത്തിൽ നിന്നും ചോദിച്ചറിഞ്ഞു. ഇതിനിടെയായിരുന്നു ഒരു ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടത്. അവർക്ക് താൻ സന്ദേശം അയച്ചു. അവർ കുംഭമേളയ്ക്ക് എത്തുന്ന മലയാളികളുടെ വാട്‌സ് ആപ്പ് ഗ്രൂപ്പിൽ ആഡ് ചെയ്തു. സിആർപിഎഫ് ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന ഗ്രൂപ്പിൽ അവരോട് എല്ലാ കാര്യങ്ങളും ചോദിച്ചറിഞ്ഞ ശേഷം ആയിരുന്നു യാത്രയെന്നും റീജ പറഞ്ഞു.
യാത്ര വേളയിൽ യാതൊരു ബുദ്ധിമുട്ടും ഉണ്ടായില്ല. ത്രിവേണി സംഗമത്തിൽ സ്‌നാനം ചെയ്യാൻ ഉൾപ്പെടെ സാധിച്ചു. ഭക്തർക്ക് സൗകര്യം ഉറപ്പാക്കുന്നതിൽ യുപി പോലീസിനെയും സർക്കാരിനെയും അഭിനന്ദിച്ചാൽ മതിയാകില്ല. തനിക്ക് ഉണ്ടായ അനുഭവങ്ങൾ ആണ് ഇവിടെ കുറിയ്ക്കുന്നത്. കുംഭമേളയെക്കുറിച്ച് നമ്മുടെ നാട്ടിൽ എത്രത്തോളം കളവാണ് പ്രചരിക്കുന്നത്. ഇതെല്ലാം സ്വന്തം ഭാവനയിൽ ഉണ്ടാക്കിയെടുത്തത് ആണ്. സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സത്യത്തിൽ അങ്ങനെയല്ല അനുഭവിച്ചറിയണം എങ്കിൽ മാത്രമേ സത്യം മനസ്സിലാകൂ എന്നും റീജ ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
144 വർഷങ്ങൾക്ക് ശേഷം നടക്കുന്ന മഹാ കുംഭമേളയിൽ പങ്കെടുക്കണമെന്ന് വിദൂര സ്വപ്നങ്ങളിൽ പോലുമില്ലായിരുന്നു..
പക്ഷേ മുമ്പപ്പഴോ കുംഭമേളയെ കുറിച്ച് വായിച്ചപ്പോൾ മനസ്സിൽ കരുതിയിരുന്നു ഞാൻ വീൽചെയറിൽ ആയതുകൊണ്ട് ഒരിക്കലും കുംഭമേളയിൽ പങ്കെടുക്കാൻ എനിക്ക് കഴിയില്ലെന്ന്…
പക്ഷേ കുട്ടൻ എന്നോട് ചോദിച്ചു അവന് കുംഭമേളയിൽ പങ്കെടുക്കാൻ ആഗ്രഹമുണ്ട് പോയാലോ എന്ന്.. കേൾക്കുന്നതൊക്കെയും നെഗറ്റീവ് വാർത്തകൾ ആയതുകൊണ്ട് ഞാൻ അവനോട് പറഞ്ഞു അതിനൊന്നും പോകണ്ട കുട്ടാ കോടിക്കണക്കിന് ആളുകൾ വന്നു പോകുന്ന സ്ഥലമല്ലേ..
ബുദ്ധിമുട്ട് ആയാലോ എന്ന്..
അവൻ ഒന്നും പറഞ്ഞില്ല കുറെ നാളുകൾക്കു ശേഷം വീണ്ടും അവൻ എന്നോട് പറഞ്ഞത് നമുക്ക് കുംഭമേള യ്ക്ക് പോയാലോ എന്ന്.. അത് പിന്നെ എന്നെയും കൂടെ കൊണ്ടുപോകാം എന്ന് പറഞ്ഞതുകൊണ്ട് ഞാൻ ചാടിക്കയറി പറഞ്ഞു ആയിക്കോട്ടെ നമുക്ക് പോകാം ന്ന് ??..
കുംഭമേളയ്ക്ക് പോകാമെന്ന് തീരുമാനിച്ചപ്പോൾ ആദ്യം കേട്ട വാർത്ത ബാരിക്കേഡ് തകർന്ന് 30 പേർ മരിച്ചു എന്നതായിരുന്നു അത് കേട്ടിട്ടൊന്നും മനസ്സ് തളർന്നില്ല.. ഏറ്റവും അടുപ്പമുള്ള ഒരാൾ പറഞ്ഞു അവിടെയൊക്കെ പോണോ എത്രയോ പേര് മരിക്കുന്നുണ്ട് എന്നൊക്കെ… അപ്പോൾ ഞാൻ പറഞ്ഞു ജീവിതത്തിൽ മരണം ഒരു പ്രാവശ്യം അല്ലേ ഉള്ളൂ അത് എവിടെ വെച്ച് എപ്പോ എന്നൊന്നും നമുക്ക് തീരുമാനിക്കാൻ ആവില്ലല്ലോ… കോടിക്കണക്കിന് ആളുകൾ വന്നു പോകുന്ന കുംഭമേളയിൽ വീൽചെയറിൽ ഉള്ള എനിക്ക് പോകാനുള്ള സൗകര്യങ്ങളൊക്കെ അവിടെ ഉണ്ടാകുമോ..ടോയ്ലറ്റ് സൗകര്യങ്ങളും മറ്റു സൗകര്യങ്ങളും ഒക്കെ എങ്ങനെയാകും എന്നതിനെക്കുറിച്ച് ഒരു ഐഡിയയും ഇല്ല അങ്ങനെയാണ് എന്റെ സുഹൃത്തിന്റെ വാട്‌സ്ആപ്പ് സ്റ്റാറ്റസ് കാണുന്നത് അദ്ദേഹം അപ്പോൾ അവിടെയായിരുന്നു..
അദ്ദേഹത്തോട് ഞാൻ ചോദിച്ചു.. അദ്ദേഹം പറഞ്ഞു തീർച്ചയായും വന്നോളൂ മഹാദേവൻ വിളിക്കാത്ത ഒരാൾക്കും ഇവിടെ വരാൻ പറ്റില്ല..
പിന്നെ മനസ്സിൽ ഉറപ്പിച്ചു പോകുമെന്ന്.. പിന്നീട് എല്ലാം വളരെ പെട്ടെന്നായിരുന്നു ഫേസ്ബുക്കിൽ ഒരു പോസ്റ്റ് ഷെയർ ചെയ്തത് ശ്രദ്ധയിൽപ്പെട്ടു. അവർക്ക് ഞാൻ ഒരു റിക്വസ്റ്റ് അയച്ചു അവർ അത് സ്വീകരിച്ചപ്പോൾ ഒരാഴ്ച കഴിഞ്ഞു. അത് കഴിഞ്ഞ് ഞാൻ അവരോട് ചോദിച്ചു എന്നെപ്പോലെയുള്ള ഒരാളവിടെ വന്നു കഴിഞ്ഞാൽ എന്താവും അവസ്ഥ എന്ന്.. ഈ അവസ്ഥയിലും ഇറങ്ങിപ്പുറപ്പെട്ട നിങ്ങളുടെ മനസ്സിനെ ഞാൻ അഭിനന്ദിക്കുന്നു തീർച്ചയായിട്ടും വന്നോളൂ എന്നാണ് അവർ പറഞ്ഞത്.. മഹാ കുംഭമേളയ്ക്ക് വരുന്ന മലയാളികൾക്ക് നിർദ്ദേശം കൊടുക്കുന്ന ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അങ്ങനെ എന്നെ ആഡ് ചെയ്തു.. അതിന്റെ ഗ്രൂപ്പ് അഡ്മിനോടും അതിൽ തന്നെയുള്ള സിആർപിഎഫ് ഓഫീസറോടും ഞാൻ മെസ്സേജ് അയച്ചു…
അവർ എനിക്ക് വേണ്ട എല്ലാ സപ്പോർട്ടും നൽകി.. അവരും പറഞ്ഞു നിങ്ങൾ വന്നോളൂ നിങ്ങൾക്കിവിടെ ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല എന്ന്..
അങ്ങനെ പതിനേഴാം തീയതി തിങ്കളാഴ്ച ഞങ്ങൾ വാരാണസിയിലേക്ക് ഫ്‌ലൈറ്റ് കയറി.. വരാണസിയിൽ തന്നെ റൂമെടുത്തത്… പുലർച്ചെ ഒരുമണിക്ക് ഞങ്ങൾ കാശി വിശ്വനാഥ ക്ഷേത്രത്തിലെത്തി..
അവിടെ തൊഴുത് മണികർണിക ഘട്ടിലും പോയി.. വൈകിട്ട് നേരെ പ്രയാഗ് രാജിലേക്ക്.. ആദ്യമായാണ് ഫ്‌ലൈറ്റിലും വന്ദേഭാരത് എക്‌സ്പ്രസ്സിൽ ഒക്കെ കയറുന്നത്.. രാത്രി 9 മണിയോടുകൂടി പ്രയാഗ് രാജ്‌ലെത്തി പിന്നീടുള്ള ഓരോ നിമിഷവും പറഞ്ഞറിയിക്കാൻ വയ്യാത്ത അത്ര അത്ഭുതങ്ങൾ നിറഞ്ഞതാണ്.. കണ്ണെത്താത്ത ദൂരത്തോളം പരന്നുകിടക്കുന്ന ടെന്റുകൾ.. വെളിച്ചത്തിന്റെ ഒരു മഹാപ്രപഞ്ചം തന്നെ.. പാലത്തിൽ കൂടെയാണ് ഞങ്ങൾ യാത്ര ചെയ്തത് ചുറ്റും എല്ലാ കാഴ്ചകളും കണ്ട് ഞങ്ങൾ 21 സെക്ടറിൽ എത്തി.. അന്നവിടെ താമസിച്ചു പിറ്റേന്ന് രാവിലെ ത്രിവേണി സംഗമത്തിൽ സ്‌നാനം ചെയ്തു ഞാനെന്റെ ജീവിതത്തിൽ ഒരിക്കൽ പോലും ചിന്തിക്കാത്ത ഒരിക്കൽപോലും സംഭവിക്കും എന്ന് പ്രതീക്ഷിക്കാത്ത ഒരു കാര്യം എന്റെ ജീവിതത്തിൽ സംഭവിച്ചു….. വീൽചെയറോ നമ്മുടെ ബുദ്ധിമുട്ടുകളോ ഒന്നിന്റെയും പരിമിതി അല്ല നമ്മൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ നടത്താൻ നമ്മുടെ കൂടെ ഒരുപാട് ആളുകൾ വന്നു കൊണ്ടിരിക്കും.. യുപിയിലെ പോലീസുകാരെയും മറ്റുള്ളവരെയും ഒന്നും എത്ര അഭിനന്ദിച്ചാലും മതിയാവില്ല കാരണം ഒരു ചെറിയ പ്രശ്‌നം പോലും പർവ്വതീകരിച്ച വലിയ പ്രശ്‌നമാക്കി ഇവിടെ കാണിക്കുമ്പോൾ നേരിട്ട് കണ്ട് അനുഭവങ്ങളാണ് ഞാൻ ഇവിടെ കുറിക്കുന്നത്.. ഒന്നാലോചിച്ചു നോക്കൂ ഈ കോടിക്കണക്കിന് ജനങ്ങൾ വരുന്ന ഈ സ്ഥലത്ത് ഒരു വീൽചെയറിൽ വരുന്ന എനിക്ക് എന്തുമാത്രം ബുദ്ധിമുട്ടുകൾ ഉണ്ടാവേണ്ടതായിരുന്നു..
പക്ഷേ ഒരു ബുദ്ധിമുട്ടും ഉണ്ടാകാതെ എല്ലാം മനോഹരമായി..ഞാൻ വീട്ടിൽ തിരിച്ചെത്തി.. എത്രത്തോളം കളവുകളാണ് നാട്ടിൽ പ്രചരിക്കുന്നത്… ഞാൻ കണ്ടറിഞ്ഞ അനുഭവിച്ച കാര്യങ്ങളാണ് ഇതെല്ലാം ആരും പറഞ്ഞു കേട്ടതല്ല ഇവിടെയുള്ളവർ മറ്റുള്ളവർ പറയുന്നത് കേട്ട് സ്വന്തം ഭാവനയിൽ ഉണ്ടാക്കിയെടുക്കുന്ന കഥകളാണ് പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സത്യത്തിൽ അങ്ങനെയല്ല അനുഭവിച്ചറിയണം എങ്കിൽ മാത്രമേ സത്യം മനസ്സിലാവൂ…..
കേരളത്തിൽനിന്ന് മഹാ കുംഭമേളയിൽ വീൽചെയറിൽ പങ്കെടുത്ത ഒരു വ്യക്തി ഒരുപക്ഷേ ഞാൻ ആയിരിക്കും.. എനിക്കത് വ്യക്തമല്ല എങ്കിലും ആരെങ്കിലും ഉണ്ടെങ്കിൽ ഒന്ന് അറിയിക്കണേ.
Discussion about this post