തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് അതിക്രമത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റ് രണ്ട് ദിവസം കഴിഞ്ഞിട്ടും പ്രതികളെ തൊടാൻ കൂട്ടാക്കാത്ത പൊലീസ് നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു.
യൂണിറ്റ് ഭാരവാഹികളായ ശിവരഞ്ജിത്തിനും നസീമിനുമെതിരെ വ്യക്തമായ മൊഴികളുണ്ടായിട്ടും ഇവരെ പിടികൂടാനോ ചോദ്യം ചെയ്യാനോ പൊലീസ് ഇതു വരെ തയ്യാറായിട്ടില്ല.
കോളേജിന് പുറത്തുള്ളവരും സംസ്കൃത കോളേജ് വിദ്യാർത്ഥികളും അക്രമി സംഘത്തിലുണ്ടായിരുന്നെന്ന് വിദ്യാർത്ഥികൾ ആരോപിച്ചിരുന്നു. എന്നാൽ പ്രതികൾ ഒളിച്ചിരിക്കാൻ സാദ്ധ്യതയുള്ള പാർട്ടി ഓഫീസുകളിൽ പരിശോധന നടത്താൻ പൊലീസ് ഇത് വരെ തയ്യാറാകാത്തത് പ്രധിഷേധത്തിന് കാരണമാകുന്നുണ്ട്.
അതേസമയം അന്വേഷണ സംഘം ഇതു വരെ അഖിലിന്റെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. അന്വേഷണ സംഘം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയെങ്കിലും മൊഴിയെടുക്കാൻ സാധിച്ചിരുന്നില്ല. രണ്ട് ദിവസം കഴിഞ്ഞേ മൊഴിയെടുക്കാവൂ എന്ന് ഡോക്ടർമാർ അറിയിച്ചതിനെ തുടർന്നാണ് ഇത്.
കൊല്ലണം എന്ന് ഉദ്ദേശിച്ച് തന്നെയാണ് അഖിലിനെ കുത്തിയതെന്നും പ്രതികൾക്ക് അർഹമായ ശിക്ഷ നൽകിയേ തീരൂ എന്നും അഖിലിന്റെ പിതാവ് മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. സിപിഎം നേതാക്കൾ ഇദ്ദേഹത്തെ സന്ദർശിച്ചത് സ്വാധീനിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും ആരോപണം ഉയരുന്നു.
Discussion about this post