കെവിൻ വധക്കേസില്‍ ഇന്ന് കോടതി വിധി പറയും. കോട്ടയം പ്രിൻസിപ്പല്‍ സെഷൻസ് കോടതി രാവിലെ പതിനൊന്ന് മണിക്കാണ് വിധി പ്രസ്താവിക്കുക. കെവിന്റെ ഭാര്യ നീനുവിന്റെ അച്ഛനും സഹോദരനും അടക്കം ആകെ 14 പ്രതികളാണ് കേസിൽ ഉള്ളത്. ഈ വർഷം ഏപ്രില്‍ 24 ന് തുടങ്ങിയ വിചാരണ മൂന്ന് മാസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. 2019 ജൂലൈ 30 നാണ് കെവിന് വധക്കേസിൽ വിചാരണ പൂർത്തിയായത്. 113 സാക്ഷികളെ വിസ്തരിച്ച കേസിൽ. 238 രേഖകളും, അന്‍പതിലേറെ തെളിവുകളും കോടതി പരിശോധിച്ചു.
നീനുവിന്റെ സഹോദരന് സാനു ചാക്കോ, അച്ഛന് ചാക്കോ ജോണ്‍, നിയാസ്മോന്‍, , ഇഷാന് ഇസ്മായില്‍, റിയാസ് ഇബ്രാഹിംകുട്ടി എന്നിവരാണ് മുഖ്യപ്രതികള്‍. വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതികള്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്. നരഹത്യ, തട്ടിക്കൊണ്ട് പോയി വിലപേശല്‍, ഗൂഡാലോചന, ഭവനഭേദനം തുടങ്ങി പത്തോളം വകുപ്പുകള്‍. കോട്ടയം ജില്ലാ സെഷന്‍സ് കോടതിയില്‍ ഏപ്രില്‍ 24 മുതല്‍ രാവിലെ പത്തു മുതല്‍ അഞ്ചു വരെ വിചാരണ നടന്നു.
കെവിന്റെ കൊലപാതകം ദുരഭിമാനക്കൊലയാണെന്നായിരുന്നു പ്രോസിക്യൂഷന്റെ പ്രധാനവാദം. മുഖ്യപ്രതി സാനുവിന്റെ ബന്ധുകൂടിയായ നിയാസ് ഭീഷണിപ്പെടുത്തിയതായി സംഭവദിവസം രാവിലെ കെവിന് നീനുവിനോട് പറഞ്ഞത് മൊഴിയായി കാണണമെന്നും പ്രോസിക്യൂഷന് നിലപാടെടുത്തു.
കോട്ടയം നട്ടാശ്ശേരി പ്ലാത്തറ ജോസഫിന്റെ മകൻ കെവിൻ ജോസഫ്(24) 2018 മേയ് 28-നാണ് കൊല്ലപ്പെട്ടത്. ദളിത് ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ട കെവിൻ മറ്റൊരു സമുദായത്തിലുള്ള തെന്മല സ്വദേശിനി നീനുവിനെ വിവാഹം കഴിച്ചിരുന്നു. ഇതിലുള്ള വിരോധത്താൽ, നീനുവിന്റെ അച്ഛനും സഹോദരനും സംഘവുംചേർന്ന് കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്.
കെവിനെ ഓടിച്ച് ആറ്റിൽ ചാടിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു റിമാൻഡ് റിപ്പോർട്ട്. കെവിന്റേത് മുങ്ങിമരണമെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കെവിനെ ബലമായി വെള്ളത്തിൽ മുക്കിക്കൊന്നതെന്ന് ഫോറൻസിക് റിപ്പോർട്ടും പിന്നാലെ വന്നു.
കെവിൻ വധക്കേസില്‍ വിധി ഇന്ന്; നീനുവിന്റെ സഹോദരനും പിതാവുമടക്കം14 പ്രതികള്‍
Discussion about this post