പാലാ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് വലിയ ആവേശമാവുകയാണ് ബിജെപി ദേശീയ സെക്രട്ടറി സുനില്‍ ദിയോധറിന്റെ സാന്നിധ്യം. ത്രിപുരയില്‍ സിപിഎമ്മിനെ തരിപ്പിണമാക്കിയ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ സുനില്‍ ദിയോധര്‍ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വിവരിക്കുന്നു. ചിട്ടയായ പ്രചാരണപ്രവര്‍ത്തനങ്ങള്‍ എങ്ങനെ എന്ന് പഠിപ്പിക്കുന്നു. സാധാരണജനങ്ങളുടെ പിന്തുണ എങ്ങനെ ഉറപ്പിക്കാമെന്ന് വിശദീകരിക്കുന്നു. കമ്മ്യൂണിസ്റ്റ് കോട്ടയില്‍ നടത്തിയ ദിഗ്വിജയത്തിന്റെ കഥകള്‍ പാലായിലെ ബിജെപി പ്രവര്‍ത്തകര്‍ക്കും ഏറെ കൗതുകം പകരുകയാണ്.
കേഡര്‍പാര്‍ട്ടിയായ സിപിഎമ്മിനെ കേരളത്തില്‍ തറപറ്റിക്കുന്നത് എങ്ങനെയെന്നാണ് ത്രിപുര മോഡല്‍ വിവരിച്ച് സുനില്‍ പ്രവര്‍ത്തകര്‍ക്കുള്ള ക്ലാസില്‍ പ്രധാനമായും വിവരിച്ച് നല്‍കുന്നത്. സിപിഎം ഭരണത്തെയും പ്രത്യയശാസ്ത്രത്തെയും കടന്നാക്രമിച്ചാണ് സുനില്‍ ദിയോധറിന്റെ പ്രസംഗങ്ങള്‍. ഇടത് വലത് മുന്നണികള്‍ തമ്മിലുള്ള അന്തര്‍ധാരയും സുനില്‍ ക്ലാസിന്റെ ഭാഗമാക്കുന്നുണ്ട്.
ത്രിപുരയില്‍ 25 വര്‍ഷത്തെ സിപിഎം ഭരണം അവസാനിപ്പിക്കാന്‍ ചുക്കാന്‍ പിടിച്ച ചാണക്യനാണ് ബിജെപി ദേശീയ സെക്രട്ടറി സുനില്‍ ദിയോധര്‍ എന്നായിരുന്നു മാധ്യമങ്ങള്‍ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. ത്രിപുരയിലെ പ്രചാരണ തന്ത്രങ്ങള്‍ പാലായിലും ബിജെപിയ്ക്ക് ഗുണം ചെയ്യുമെന്നാണ് എന്‍ഡിഎ ക്യാമ്പിന്റെ പ്രതീക്ഷ.
പാലായില്‍ ജയിച്ച് കേരളത്തില്‍ ബിജെപി മാറ്റത്തിന് തുടക്കം കുറിക്കുമെന്ന് സുനില്‍ ദിയോധര്‍ പറയുന്നു. വൈകാതെ ബിജെപി കേരളം ഭരിക്കും. പാര്‍ട്ടി ഒരു മതത്തിനും എതിരല്ലെന്നും അദ്ദേഹം സമര്‍ത്ഥിക്കുന്നു.
ഹിന്ദി വിവാദം സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് സുനില്‍ ദിയോധറിന്റെ മറുപടി ഇങ്ങനെ-”ഹിന്ദി ആര്‍ക്കും അടിച്ചേല്‍പ്പിക്കാനാകില്ല. ഹിന്ദി ദേശീയ ഭാഷയാക്കാന്‍ ബിജെപി ഉദ്ദേശിക്കുന്നില്ല”-അദ്ദേഹം വ്യക്തമാക്കി. കശ്മീരിലെ ക്രമസമാധാന പ്രശ്നങ്ങളെകുറിച്ചുള്ള ചോദ്യത്തിന് കശ്മീര്‍ ശാന്തമാണെന്നായിരുന്നു മറുപടി. അമിത്ഷായുടെ തന്ത്രങ്ങളാണ് ഞങ്ങളെ ത്രിപുരയില്‍ അധികാരത്തിലെത്തിച്ചതെന്നും,രാഷ്ട്രീയ കുതിരക്കച്ചവടം നടത്തി കോണ്‍ഗ്രസ് എംഎല്‍എമാരെ ചാക്കിലാക്കിയല്ല ത്രിപുരയില്‍ ഭരണം പിടിച്ചതെന്നും സുനില്‍ ദിയോധര്‍ പറഞ്ഞു.
സുനില്‍ ദിയോധര്‍ ഉള്‍പ്പടെയുള്ള ദേശീയ നേതാക്കളുടെ സാന്നിധ്യം പാലായില്‍ ബിജെപി പ്രചാരണത്തിന് ഏറെ ആവേശം പകരുന്നുണ്ട്. സംസ്ഥാന നേതാക്കളും താഴെ തട്ടിലുള്ള പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനായി രംഗത്തുണ്ട്. ഇത്തവണ ന്യൂനപക്ഷ ഭൂരിപക്ഷ ഭേദമില്ലാതെ ജനങ്ങളുടെ പിന്തുണ ബിജെപിയ്ക്കുണ്ടെന്നും, ഇരുമുന്നണികളെയും ഞെട്ടിക്കുന്ന റിസല്റ്റായിരിക്കും വരാന്‍ പോകുന്നതെന്നും ബിജെപി നേതാക്കള്‍ പറയുന്നു.
പാലായില്‍ പ്രചാരണ രംഗത്ത് ഏറെ സജീവമാണ് ബിജെപി എന്നത് ഇരുമുന്നണികള്‍ക്കും തലവേദനയായിട്ടുണ്ട്. പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങളാണ് യുഡിഎഫ്-എല്‍ഡിഎഫ് മുന്നണികളെ അസ്വസ്ഥരാക്കുന്നത്. മാണി സി കാപ്പനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രതിഷേധിച്ച് എന്‍സിപിയില്‍ നിന്നുള്ള രാജി തുടരുകയാണ്. ശബരിമല പോലുള്ള വിഷയങ്ങളില്‍ മൗനം പാലിച്ചുള്ള പ്രചരണം തിരിച്ചടിയാവുമോ എന്ന ആശങ്കയും അവര്‍ക്കുണ്ട്.
Discussion about this post