തിരുവനന്തപുരം: വര്‍ഗീയതയ്ക്കെതിരായ പോരാട്ടം വര്‍ഗീയമായി സംഘടിച്ചുകൊണ്ടല്ല വേണ്ടതെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്. വര്‍ഗീയ കലാപത്തിന്റെ ഇരകളെ സംരക്ഷിക്കാന്‍ സിപിഐ എം നടത്തിയിട്ടുള്ള ഇടപെടല്‍ ഏതെങ്കിലും പ്രീണത്തിന്റെ ഭാഗമായല്ല. അത് വര്‍ഗീയതയെ ചെറുത്ത് മതിരപേക്ഷ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കാനുള്ള പ്രതിജ്ഞാബദ്ധതയുടെ ഭാഗമായാണെന്നും പിണറായി പറയുന്നു. മതേതരത്വത്തിന്റെ പേരില്‍ ന്യൂനപക്ഷ സംരക്ഷണമാണ് ഇടത് പക്ഷം നടത്തിയതെന്ന കാനം രാജേന്ദ്രന്റെ പ്രസ്താവനയോട് ഫേസ്ബുക്കിലൂടെയാണ് പിണറായി പ്രതികരിച്ചത്.
വര്‍ഗ്ഗീയ ആക്രമണങ്ങള്‍ക്ക് ഇരയായ ന്യൂനപക്ഷങ്ങള്‍ക്ക് ആത്മവിശ്വാസം പകരുന്നത് മതനിരപേക്ഷത സംരക്ഷിക്കാനുള്ള പ്രവര്‍ത്തനം തന്നെയാണെന്നും പിണറായി പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ-
കേരളത്തിലെ ജനങ്ങളെ ന്യൂനപക്ഷമായും ഭൂരിപക്ഷമായും വേര്‍തിരിച്ചു രാഷ്ട്രീയ നേട്ടം കൊയ്യാമെന്നത് വ്യാമോഹം മാത്രമാണ്.
അങ്ങനെ ശ്രമിക്കുന്നത് വര്‍ഗീയത രാഷ്ട്രീയ ഉപജീവനത്തിനുള്ള ഉപാധിയായി എടുത്ത നിക്ഷിപ്ത താല്പര്യക്കാരാണ്. ആര് എസ് എസും പോപ്പുലര്‍ ഫ്രണ്ടും പോലുള്ള സംഘടനകള്‍ നടത്തുന്ന അത്തരം ശ്രമങ്ങള്‍ തിരിച്ചറിയപ്പെടേണ്ടതുണ്ട്. അത്തരം വിഭജനം കൊണ്ട് രാഷ്ട്രീയ നേട്ടം കൊയ്യാന്‍ ശ്രമിക്കുന്ന യു ഡി എഫ് നേതൃത്വത്തിന്റെ കുബുദ്ധിയാണ് അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയുടെ വാക്കുകളിലൂടെ പുറത്തുവന്നത്.
എല്ലാ വിഭാഗം ജനങ്ങളും ഇടകലര്‍ന്നു ജീവിക്കുന്ന നാടാണ് നമ്മുടേത്. സാമൂഹിക ജീവിതത്തില്‍ മതത്തിന്റെയോ ജാതിയുടെയോ അതിര്‍വരമ്പില്ലാത്ത ഐക്യവും സഹവര്‍ത്തിത്വവും കേരളത്തില്‍ ഉണ്ട്. അത് തകര്‍ക്കാന്‍ നടന്ന എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടിട്ടേ ഉള്ളൂ.
ഏതു മതം, ഏതു ജാതി എന്നതല്ല ഇന്ന് കേരളത്തിന്റെ പ്രശ്നം. അത് ഇന്ന് ജനങ്ങളും സംസ്ഥാനവും നേരിടുന്ന ദുരിതാവസ്ഥയാണ്: മുരടിപ്പാണ്. നമ്മുടെ നാടിന്റെ കുതിപ്പ് എങ്ങനെ നിലച്ചു? എന്ത് കൊണ്ട് നമുക്ക് മുന്നേറാന്‍ കഴിയുന്നില്ലഇതാണ് ചര്‍ച്ച ചെയ്യേണ്ടത്. ഇതിനു മുന്‍പുള്ള ഒരു നിശ്ചിത കാലയളവെടുത്തു അയല്‍ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്താല്‍, ഏതാണ്ട് എല്ലാ മേഖലകളിലും നാമു പുറകോട്ടടിച്ചതായി കാണാം. എന്തുകൊണ്ട് വ്യത്യസ്ത മേഖലകളില്‍ നമ്മുടെ മുന്‍കൈ നഷ്ടപ്പെട്ടു എന്നാണു പരിശോധിക്കേണ്ടത്. അതിനാണ് പരിഹാരം കാണേണ്ടത്. നമ്മുടെ യുവജനങ്ങള്‍ ഭാവിയെ കുറിച്ച് ആശങ്കാകുലരാണ്. പുതിയ തൊഴില്‍ സാധ്യതകള്‍, വിദ്യാഭ്യാസ അവസരങ്ങള്‍ എല്ലാറ്റിലും അനിശ്ചിതാവസ്ഥ നിലനില്ക്കുന്നു. ഇതൊന്നും അല്ലാത്ത വിഷയങ്ങളിലേക്ക് ചര്‍ച്ചയും ശ്രദ്ധയും കൊണ്ട് പോകുന്നത്, യഥാര്‍ത്ഥ വിഷയങ്ങളെ തമസ്കരിക്കലാകും. അത് നമ്മുടെ ഇന്നത്തെ പിന്നോക്കാവസ്ഥയെ കൂടുതല്‍ പുറകോട്ടു തള്ളുകയേ ഉള്ളൂ .
ഇടതുപക്ഷത്തിന് വര്‍ഗീയതയോട് ഒരു സന്ധിയും ഇല്ല. വര്‍ഗീയ വിഭജനത്തിലൂടെ രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്നവരെ തുറന്നു കാട്ടി ഒറ്റപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളിലും മുന്നിലാണ് ഇടതുപക്ഷം. വിട്ടുവീഴ്ചയില്ലാത്ത ആ നിലപാട് ന്യൂനപക്ഷ പ്രീണനമായി ചിത്രീകരിക്കാനുള്ള പ്രചാരണങ്ങള്‍ ഉണ്ടാകുന്നതും ഇടതുപക്ഷത്തിന്റെ നിലപാടുകളെ ഭൂരിപക്ഷ വര്‍ഗീയതയോട് ചേര്‍ത്തുവെക്കാനുള്ള അത്യാഗ്രഹം പുറത്തുചാടുന്നതും ഒരുപോലെ അബദ്ധമാണ്.
മാറാട് കലാപത്തില്‍ ആശ്വാസംപകരാനും സര്‍വം നഷ്ടപ്പെട്ടവരുടെ കണ്ണീരൊപ്പാനും ഇടതുപക്ഷ പ്രസ്ഥാനം പോയത് അവരുടെ മതം നോക്കിയല്ല, ആക്രമിക്കപ്പെടുന്നവര്‍ക്ക് ആശ്വാസം പകരലാണ്, അവര്‍ക്കുവേണ്ടി നിലക്കൊള്ളലാണ് മനുഷ്യത്വം. അതാണ് മത നിരപേക്ഷ സമീപനത്തിന്റെ സത്തയും. വര്‍ഗീയ കലാപത്തില്‍ തകര്‍ന്ന മുസഫര്‍ നഗറില്‍ ആശ്വാസവുമായി എത്തിയത് സിപിഐ എം ആണ്. വീടുവെച്ചുകൊടുത്തും ഇതര സഹായങ്ങള്‍ നല്‍കിയും വര്‍ഗീയ കലാപത്തിന്റെ ഇരകളെ സംരക്ഷിക്കാന്‍ സിപിഐ എം ന ടത്തിയ ഇടപെടല്‍ ഏതെങ്കിലും പ്രീണത്തിന്റെ ഭാഗമായല്ല. അത് വര്‍ഗീയതയെ ചെറുത്ത് മതിരപേക്ഷ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കാനുള്ള പ്രതിജ്ഞാബദ്ധതയുടെ ഭാഗമായാണ്.
വര്‍ഗീയതയ്ക്കെതിരായ പോരാട്ടം വര്‍ഗീയമായി സംഘടിച്ചുകൊണ്ടല്ല എന്ന സന്ദേശമാണത് നല്‍കുന്നത്. വര്‍ഗീയ ആക്രമണത്തിനിരയായ ന്യൂനപക്ഷങ്ങള്‍ക്ക് ആശ്വാസം പകരുന്നതും അവരില്‍ ആത്മവിശ്വാസമുണ്ടാക്കുന്നതും മതിരപേക്ഷത സംരക്ഷിക്കാനുള്ള പ്രവര്‍ത്തം തന്നെയാണ്. അത്തരം പ്രവര്‍ത്തനങ്ങള്‍ തുടരുക തന്നെ വേണം. ന്യൂനപക്ഷ വിഭാഗങ്ങളെ വര്‍ഗീയമായി സംഘടിപ്പിച്ച് കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവരോട് സന്ധിയില്ലാതെ സമരം ചെയ്യാനുള്ള പ്രതിബദ്ധത ഇടതുപക്ഷത്തിനുണ്ട്. അത് കൊണ്ടാണ് എല്ലാ വര്‍ഗീയ ശക്തികളും ഇടതു പക്ഷത്തെ ശത്രുപക്ഷത്തു നിര്‍ത്തുന്നത്. ആര് തന്നെ എതിര്‍ത്താലും വര്‍ഗീയ വിരുദ്ധ സമീപനത്തില്‍ നിന്ന് ഒരിഞ്ചു വ്യതിചലിക്കാന്‍ ഞങ്ങളില്ല.
മതപരമായ, ജാതീയമായ വേര്തിരുവുകളില്ലാതെ നാടിനും ജനങ്ങള്‍ക്കാകെയും വേണ്ടിയുള്ള ചര്‍ച്ചയാണ് ഇന്നത്തെ കേരളത്തിന്റെ പ്രധാന ആവശ്യം.
Discussion about this post