ഒന്നരവയസ്സുകാരി ആൽഫൈന്റെ കൊലപാതകം എങ്ങനെയായിരുന്നുവെന്ന് തെളിയിക്കുന്ന സുപ്രധാന സാക്ഷിമൊഴി പുറത്ത്.ആൽഫൈന് കഴിക്കാനുള്ള ബ്രഡ്ഡ് ഇറച്ചിക്കറിയിൽ മുക്കി ജോളി ഷാജുവിന്റെ സഹോദരിയുടെ കൈയിൽ കൊടുക്കുന്നത് കണ്ടുവെന്നാണ് സാക്ഷിമൊഴി.
ഈ ബ്രഡ്ഡ് സഹോദരി ആൽഫൈനു നൽകുകയായിരുന്നു. സഹോദരിയുടെ മടിയിലിരുത്തിയാണ് കുട്ടിക്ക് ഭക്ഷണം കൊടുത്തത്. ബ്രഡ്ഡ് കഴിച്ച് രണ്ടു സെക്കൻഡിനുള്ളിൽ കുട്ടിയുടെ കണ്ണ് പിറകിലേക്കു മറിയുന്നതും സഹോദരിയുടെ മടിയിൽനിന്നു കുട്ടി വീഴുന്നതും കണ്ടുവെന്ന് മൊഴിയിലുണ്ട്.
ആൽഫൈന്റെ സഹോദരന്റെ ആദ്യകുർബാനയുടെ സദ്യയ്ക്കിടയിലായിരുന്നു സംഭവം. വീട്ടിൽ അന്ന് ചടങ്ങിൽ പങ്കെടുക്കാനെത്തിയ സ്ത്രീയാണ് അന്വേഷണ ഉദ്യോഗസ്ഥർക്കു മൊഴിനൽകിയത്. കേസ് തെളിയിക്കുന്നതിൽ ഈ മൊഴി പോലീസിനു വലിയ പിന്തുണയാകും.
അതേസമയം ഷാജുവിന്റെ ആദ്യ ഭാര്യ സിലിയുടെ കൊല്ലാന് 3 തവണ ശ്രമിച്ചതായി ജോളിയുടെ പുതിയ മൊഴി. 2016ൽ ആണ് ദന്താശുപത്രിയിൽ വച്ച് സിലി ജോളിയുടെ മടിയിൽ കുഴഞ്ഞു വീണ് മരിച്ചത്. എന്നാൽ ഇതിന് മുൻപ് രണ്ട് തവണ സയനെയ്ഡ് നൽകി സിലിയെ കൊല്ലാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ആദ്യവട്ടം ഭക്ഷണത്തിൽ സയനെയ്ഡ് കലർത്തി നൽകിയെങ്കിലും വിഷത്തിന്റെഅളവ് കുറവായതിനാൽ സിലി രക്ഷപ്പെട്ടു. രണ്ടാം വട്ടം വിഷം കലർന്ന ഭക്ഷണം നൽകിയെങ്കിലും ജോളി ഇത് കഴിക്കാൻ കൂട്ടാക്കിയില്ല.
ഒടുവിലായി ഒരു കല്യാണവീട്ടിൽ വച്ച് ജോളി സിലിക്ക് സയനെയ്ഡ് കലർന്ന ഭക്ഷണം നൽകി. ഇതിന് ശേഷം സിലി ദന്താശുപത്രിയിലേക്ക് പോകുകയാണെന്ന് മനസിലാക്കിയ ജോളി വാഹനത്തിൽ ഒപ്പം കയറി. മരണം ഉറപ്പാക്കുക എന്നത് മാത്രമായിരുന്നു ലക്ഷ്യം. ദന്താശുപത്രിയിൽ വച്ച് ജോളിയുടെ മടിയിലേക്ക് കുഴഞ്ഞു വീണ സിലിയ്ക്ക് കയ്യിൽ കരുതിയിരുന്ന വെള്ളം ജോളി നൽകി. ഈ വെള്ളത്തിലും സയനെയ്ഡ് കലർത്തിയിരുന്നു. അങ്ങനെ സിലിയുടെ മരണം ജോളി ഉറപ്പിച്ചു. ഇത്തരത്തിൽ കുപ്പിയിൽ സയനെയ്ഡ് കൊണ്ടു നടന്നായിരുന്നു കൊലപാതകം.
Discussion about this post