കൂടത്തായി കൊലപാതകക്കേസിൽ ക്രൈംബ്രാഞ്ച് സംഘം അന്വേഷണം ആരംഭിച്ചതോടെ ആദ്യം ചെയ്തതു ജോളി താമസിക്കുന്ന പൊന്നാമറ്റം വീട്ടിൽ ആരൊക്കെ വന്നു പോകുന്നുവെന്ന് അറിയുന്നതിനുള്ള ശ്രമമാണ്.
ഇതിനായി പൊന്നാമറ്റം വീടിന്റെ പരിസരത്ത് അതിവിദഗ്ധമായി സിസിടിവി ക്യാമറ സ്ഥാപിച്ചത് വീട്ടുകാരും നാട്ടുകാരും അറിഞ്ഞില്ല. ഈ വീടുമായി ബന്ധപ്പെട്ട മുഴുവൻ ആളുകളുടെയും വിവരങ്ങൾ ക്യാമറ ദൃശ്യത്തിലൂടെ പൊലീസ് കൃത്യമായി ശേഖരിച്ചിട്ടുണ്ട്.
7 വർഷം മുൻപ് തുടങ്ങിയ കൊലപാതക പരമ്പര അന്വേഷിക്കുന്നതു കേരള പൊലീസിന് വെല്ലുവിളി തന്നെയാണെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. അന്വേഷണം തൃപ്തികരമായി നീങ്ങുന്നു. സംസ്ഥാനത്തെ മികച്ച ഉദ്യോഗസ്ഥരാണ് അന്വേഷണം നടത്തുന്നത്. സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു. 3 കൊലപാതകങ്ങൾ നടന്ന കൂടത്തായിയിലെ പൊന്നാമറ്റം വീട് സന്ദർശിച്ച ഡിജിപി വടകരയിലെ കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിലെത്തി അന്വേഷണ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.
Discussion about this post