തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയില്‍ മജിസ്ട്രേറ്റിനെ തടഞ്ഞുവച്ചു ഭീഷണിപ്പെടുത്തിയ കേസില്‍ മജിസ്ട്രേറ്റിന്റെ മൊഴി പുറത്ത്. തന്നെ അഭിഭാഷകര്‍ ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് മജിസ്ട്രേറ്റ് ദീപ മോഹന്‍ ചീഫ് ജുഡ്യീഷല് മജിസിട്രേറ്റിന് നല്കിയ പരാതിയുടെ വിവരങ്ങള്‍ ആണ് പുറത്തുവന്നത്.
‘സ്ത്രീയായിപ്പോയി; അല്ലെങ്കില്‍ ചേംബറില്‍നിന്നു വലിച്ച് പുറത്തിട്ട് തല്ലിച്ചതച്ചേനേ’ എന്ന് പറഞ്ഞ് അഭിഭാഷകര്‍ ഭീഷണിപ്പെടുത്തിയെന്നും ചേംബറില്‍ പൂട്ടിയിടാന്‍ ശ്രമിച്ചെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ബാര്‍ അസോസിയേഷന് പ്രസിഡന്റുള്‍പ്പെടെ 12 അഭിഭാഷകര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഇവര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി. നിയമവിരുദ്ധമായി സംഘംചേരല്‍, ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, മോശം പദപ്രയോഗം തുടങ്ങിയവയ്ക്കുള്ള വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ്. ബാര്‍ അസോസിയേഷന് പ്രസിഡന്റ് കെ പി ജയചന്ദ്രന്, സെക്രട്ടറി പാച്ചല്ലൂര്‍ ജയകൃഷ്ണന് ഉള്‍പ്പെടെയുള്ളവരാണു പ്രതികള്‍. തന്നെ തടഞ്ഞുവച്ചു കൃത്യനിര്‍വഹണം തടസപ്പെടുത്താന്‍ അഭിഭാഷകര്‍ ശ്രമിച്ചെന്നു കാട്ടി മജിസ്ട്രേറ്റ് ദീപ മോഹന്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ടിനു പരാതി നല്‍കിയിരുന്നു. ഈ പരാതി സി ജെ എം പോലീസിനു കൈമാറുകയായിരുന്നു.
സാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ വാഹനാപകടക്കേസിലെ പ്രതിയുടെ ജാമ്യം കോടതി റദ്ദാക്കിയതാണ് പ്രതിഷേധത്തിനിടയാക്കിയത്. പ്രതിഭാഗം അഭിഭാഷകന് എസ് ചന്ദ്രശേഖരനെ വാദിക്കാന്‍ അനുവദിച്ചില്ലെന്നാരോപിച്ച് ബാര്‍ അസോസിേയഷന്‍ ഭാരവാഹികളുടെ നേതൃത്വത്തില്‍ മജിസ്ട്രേറ്റിന്റെ ചേംബറില്‍ കയറി അഭിഭാഷകര്‍ പ്രതിഷേധിച്ചു. തുടര്‍ന്നു മജിസ്ട്രേറ്റ് ചേംബര്‍ വിട്ടിറങ്ങി സി ജെ എമ്മിനെ കണ്ടു പരാതി നല്‍കുകയായിരുന്നു. സി ജെ എം കോടതി അഭിഭാഷകരുമായി ചര്‍ച്ച നടത്തിയശേഷം പ്രതിക്കു ജാമ്യം അനുവദിച്ചു.
Discussion about this post