തിരുവനന്തപുരം: കായംകുളം എംഎൽഎ യു പ്രതിഭയുടെ മകനെതിരെ കേസ് എടുത്ത എക്‌സൈസ് ഉദ്യോഗസ്ഥരോട് ഹാജരാകാൻ ആവശ്യപ്പെട്ട് മേലധികാരികൾ. കനിവിനെതിരെ കഞ്ചാവ് കേസ് രജിസ്റ്റർ ചെയ്ത രണ്ട് ഉദ്യോഗസ്ഥരോട് ആണ് തിരുവനന്തപുരം എക്‌സൈസ് കമ്മീഷണർ ഓഫീസിൽ ഹാജരാകാൻ നിർദ്ദേശം നൽകിയത്. പ്രതിഭ നൽകിയ പരാതിയിലാണ് നടപടി.
മകനെ കസ്റ്റഡിയിൽ എടുത്ത മുഴുവൻ ഉദ്യോഗസ്ഥരെയും കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രണ്ട് പേരെ വിളിച്ചുവരുത്തിയത്. കുട്ടനാട് എക്‌സൈസ് സിഐ ജയരാജ്, റേഞ്ച് ഇൻസ്‌പെക്ടർ അനിൽകുമാർ എന്നിവർക്കാണ് ഹാജരാകാൻ നിർദ്ദേശം നൽകിയത്. ഇവരിൽ നിന്നും മേലധികാരികൾ ഇന്ന് വിശദീകരണം തേടും.
ഡിസംബർ 28 നാണ് കനിവിനെതിരെ കഞ്ചാവ് കൈവശം സൂക്ഷിച്ചതിന് എക്‌സൈസ് കേസ് എടുത്തത്. തകഴി പാലത്തിന് സമീപം കൂട്ടുകാരുമൊത്ത് കഞ്ചാവ് ഉപയോഗിക്കുകയായിരുന്നു കനിവ്. ഇതുമായി ബന്ധപ്പെട്ട് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് എക്‌സൈസ് സംഘം സ്ഥലത്ത് എത്തുകയായിരുന്നു. കനിവിനെ പരിശോധിച്ചപ്പോൾ കഞ്ചാവ് കണ്ടെടുത്തു. ഇതോടെ ഒൻപത് അംഗ സംഘത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. അന്ന് രാത്രി തന്നെ ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
സംഭവം വലിയ വാർത്തയായതോടെ മകൻ നിരപരാധി ആണെന്ന് വ്യക്തമാക്കി പ്രതിഭ രംഗത്ത് എത്തി. മാദ്ധ്യമങ്ങൾക്കെതിരെ വ്യാജ വാർത്ത പ്രചരിപ്പിച്ചതിന് നിയമനടപടികൾ സ്വീകരിക്കുമെന്നും പ്രതിഭ പറഞ്ഞിരുന്നു. കേസിൽ ഒൻപതാം പ്രതിയാണ് കനിവ്. എൻഡിപിഎസ് ആക്ട് 25 ബി, 27 ബി എന്നീ വകുപ്പുകൾ പ്രകാരമാണ് കനിവ് ഉൾപ്പടെ ഒൻപത് പേർക്കെതിരെ കേസെടുത്തത്.
Discussion about this post