കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ ആദ്യ കുറ്റപത്രം സമര്‍പിച്ചു. റോയ് തോമസ് വധക്കേസിലാണ് അന്വേഷണം സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. 8,000 പേജുള്ള കുറ്റപത്രത്തില്‍ ജോളി, എം.എസ്.മാത്യു, പ്രജികുമാര്‍, മനോജ് എന്നിവരെയാണ് പ്രതി ചേര്‍ത്തിട്ടുള്ളത്. കേസുമായി ബന്ധപ്പെട്ട് 322 രേഖകള്‍ ഹാജരാക്കുമെന്ന് അന്വേഷണം സംഘം കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കൊലപാതകം, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. സയനൈഡ് കൈവശം വച്ചതിനും കേസുണ്ട്. കേസിലാകെ നാല് പ്രതികളും 246 സാക്ഷികളുമാണുള്ളത്. സാക്ഷികളില്‍ 26 പേരും ഉദ്യോഗസ്ഥരാണ്. തഹസില്‍ദാര്‍ ജയശ്രിയും വില്ലേജ് ഉദ്യോഗസ്ഥരും സാക്ഷി പട്ടികയിലുണ്ട്. റൂറല്‍ എസ്പി കെ.ജി.സൈമണ്‍ ആണ് ഇത് സംബന്ധിച്ച വിവരം മാധ്യമങ്ങളെ അറിയിച്ചത്. കേസില്‍ മാപ്പ് സാക്ഷികള്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
കടലക്കറി, വെള്ളം എന്നിവയിലാണ് ജോളി സയനൈഡ് കലര്‍ത്തിയത്. രാസ പരിശോധനാ ഫലം ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. വ്യാജ ഒസ്യത്താണ് കേസില്‍ നിര്‍ണായകമായതെന്നും അന്വേഷണത്തില്‍ പൂര്‍ണ സംതൃപ്തനാണെന്നും കെ.ജി.സൈമണ്‍ പറഞ്ഞു. ജോളിക്ക് യുജിസി നെറ്റ്, ബികോം, എംകോം എന്നിവയില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തി.
Discussion about this post