ഡല്‍ഹി: ഡല്‍ഹിയിലെ കലാപത്തിൽ ആക്രമണം അഴിച്ചുവിട്ട സംഭവത്തിൽ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് നേതാവ് മൊഹമ്മദ് ഇല്യാസ് ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നതായി കണ്ടെത്തൽ. എസ്ഡിപിഐ ടിക്കറ്റിലാണ് ഇല്യാസ് മത്സരിച്ചത്.
പര്‍വേസ് അഹമ്മദ്, മൊഹമ്മദ് ഇല്യാസ് എന്നിവരെ ഇക്കഴിഞ്ഞ വ്യാഴാഴ്ച ഡല്‍ഹി പോലീസ് ആണ് അറസ്റ്റ് ചെയ്തത്. ഇവര്‍ രണ്ടു പേരും തീവ്ര ഇസ്ലാമിക സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ നേതാക്കളാണെന്നും കണ്ടെത്തിയിരുന്നു.
കലാപ ബാധിത പ്രദേശമായ കരവാല്‍ നഗറില്‍ നിന്നുമാണ് ഇല്യാസ് മത്സരിച്ചിരിക്കുന്നത്. പര്‍വേസ് അഹമ്മദ് പോപ്പുലര്‍ ഫ്രണ്ടിന്റെ അദ്ധ്യക്ഷനും ഇല്യാസ് സെക്രട്ടറിയുമാണ്.
നേരത്തെ സിഎഎ വിരുദ്ധ സമരങ്ങള്‍ക്ക് ധനസഹായം നല്‍കുകയും മറ്റും ചെയ്തതിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിനു ശേഷമാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്.
വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ കലാപത്തിന് പ്രേരിപ്പിക്കുകയും ഗൂഢാലോചന നടത്തിയെന്നുമാരോപിച്ച് പര്‍വേസ് അഹമ്മദിനേയും മൊഹമ്മദ് ഇല്യാസിനേയും പോലീസ് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
അതേസമയം ഡല്‍ഹിയില്‍ നടന്ന കലാപത്തില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 700 കേസുകള്‍ ആണ്. ഏകദേശം 2, 400 ലധികം ആളുകള്‍ പിടിയിലായിട്ടുണ്ട്. ഇതില്‍ 2,387 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. കലാപവുമായി ബന്ധപ്പെട്ട് വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ നിന്ന് മാത്രം പിടിയിലായവരുടെ എണ്ണവും കേസ് വിവരങ്ങളുമാണ് പുറത്തുവിട്ടിരിക്കുന്നത്.
സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത 700 കേസുകളില്‍ 49 എണ്ണം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ആയുധ നിയമ പ്രകാരമാണ്. സംഭവത്തില്‍ ഇനിയും അറസ്റ്റ് ഉണ്ടാകാന്‍ സാധ്യതയുള്ളതായാണ് വിവരം. കലാപത്തില്‍ ഉള്‍പ്പെട്ട ആളുകള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. വരും ദിവസങ്ങളില്‍ ഇനിയും ആളുകള്‍ പിടിയിലാകുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.
Discussion about this post