തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനം തടയാൻ ലോക്ക്ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ച് പുറത്തിറങ്ങിയവരെ കണ്ണൂര്‍ എസ്പി യതീഷ് ചന്ദ്ര ഏത്തമിടുവിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു. സംസ്ഥാന പൊലീസ് മേധാവി നേരിട്ട് അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ഉത്തരവിൽ ആവശ്യപ്പെട്ടു. മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.
സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ബാധ്യതയുള്ള പൊലീസ് ഉദ്യോഗസ്ഥന് സ്വയം ശിക്ഷ നടപ്പിലാക്കാന്‍ അധികാരമില്ലെന്ന് ജുഡീഷ്യല്‍ അംഗം പി മോഹനദാസ് ഉത്തരവില്‍ പറഞ്ഞു.
എസ്പി യുടെ നിര്‍ദ്ദേശാനുസരണം ഏത്തമിട്ടവര്‍ അതിന് തക്ക എന്ത് തെറ്റാണ് ചെയ്തതെന്ന് സംസ്ഥാന പൊലീസ് മേധാവി അന്വേഷിക്കണമെന്നും കമ്മീഷന് ആവശ്യപ്പെട്ടു. മൂന്നാഴ്ചക്കുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. റിപ്പോര്‍ട്ട് ലഭിച്ച ശേഷം കേസ് കണ്ണൂരില്‍ നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കും.
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പൊലീസ് ഉദ്യോഗസ്ഥരും ആരോഗ്യപ്രവര്‍ത്തകരും നടത്തുന്ന മഹത്തായ സേവനം ഹൈക്കോടതി പോലും എടുത്തു പറഞ്ഞിട്ടുണ്ട്. ഒരു സാഹചര്യത്തിലും പൊലീസ് നിയമം ലംഘിക്കരുതെന്ന് ഹൈക്കോടതി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്നാല്‍ കണ്ണൂര്‍ എസ്പി യെ പോലെ ഉന്നതനായ ഒരു ഉദ്യോഗസ്ഥന് പരസ്യമായി ശിക്ഷ വിധിക്കുന്ന കാഴ്ചയാണ് കണ്ണൂരില്‍ കണ്ടത്. നിയമം കര്‍ശനമായി നടപ്പിലാക്കണം. എന്നാല്‍ ശിക്ഷ പൊലീസ് തന്നെ നടപ്പിലാക്കുന്നത് പൊലീസ് ആക്റ്റിന്റെ ലംഘനമാണ്. ശിക്ഷ വിധിക്കാന്‍ പൊലീസിന് അധികാരമില്ലെന്ന് കമ്മീഷന് അംഗം പി. മോഹനദാസ് ചൂണ്ടിക്കാട്ടി.
Discussion about this post