ഡല്‍ഹി: സ്പ്രിംഗ്ളര്‍ കരാർ വിവാദത്തിൽ ജനങ്ങള്‍ക്ക് വിശ്വാസയോഗ്യമായ മറുപടി നല്കാന് സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് സിപിഐ. വിഷയം എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്യണണമെന്നും വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ ആവശ്യപ്പെട്ടു. ജനങ്ങളുടെ സ്വകാര്യത അവകാശം സംരക്ഷിക്കപ്പെടണമെന്നും രാജ ആവശ്യപ്പെട്ടു.
ഡേറ്റാ സ്വകാര്യതയില്‍ സിപിഐ നിലപാടില്‍ മാറ്റമില്ല. ഏത് സാഹചര്യത്തിലായാലും പാര്‍ട്ടി നയത്തില്‍ വിട്ടുവീഴ്ച പാടില്ല. വിഷയം വളരെ ഗൗരവമുള്ളതാണെന്നും ഒരു സര്‍ക്കാരും വ്യക്തിയുടെ സ്വകാര്യ വിവരങ്ങള്‍ കൈമാറരുതെന്നും രാജ വ്യക്തമാക്കി.
ജനങ്ങളുടെ വിവരങ്ങള്‍ ചോരില്ല എന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തേണ്ടതുണ്ട്. അതിനുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതുണ്ടെന്നും രാജ കൂട്ടിച്ചേർത്തു.
വിവാദങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്ക് മുന്നില്‍ കൃത്യമായ വിശദീകരണം നല്കാന് എല്‍ഡിഎഫ് സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ട്. വിഷയം എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്യുകയും പരിഹാരം കാണുകയും വേണം. ഡേറ്റയേക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നാല്‍ അത് ദൂരീകരിക്കപ്പെടണം. സര്‍ക്കാരിനെ വിവാദങ്ങളിലേക്ക് വഴിതെറ്റിക്കാന്‍ പ്രതിപക്ഷത്തിന് അവസരം നല്‍കരുതായിരുന്നും ഡി രാജ അഭിപ്രായപ്പെട്ടു.
Discussion about this post