ഡൽഹി: കൊവിഡ് ബാധയ്ക്കിടെ മരണവും വൻ നാശവും വിതച്ച് വീശിയടിക്കുന്ന ചുഴലിക്കാറ്റിന് ‘അംഫൻ‘ എന്ന പേര് നൽകിയത് തായ്ലൻഡ്. ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും രൂപപ്പെടുന്ന ചുഴലിക്കാറ്റുകൾക്കു പേരിടാൻ 2004 ൽ ഇന്ത്യയും 8 അയൽ രാജ്യങ്ങളും ചേർന്ന തീരുമാനിച്ചതിൻ പ്രകാരമാണ് നിലവിലെ ചുഴലിക്കാറ്റിന് അംഫൻ എന്ന് തായ്ലൻഡ് പേരിട്ടിരിക്കുന്നത്. ഇതോടെ 64 പേരുകളടങ്ങുന്ന കാറ്റുകളുടെ ആദ്യ പട്ടിക അവസാനിക്കും.
ഇനി വരാനിരിക്കുന്നത് 169 കാറ്റുകളുടെ പുതിയ പട്ടികയാണ്. ബംഗ്ലദേശ്, ഇന്ത്യ, മാലദ്വീപ്, മ്യാൻമർ, ഒമാൻ, പാക്കിസ്ഥാൻ, ശ്രീലങ്ക, തായ്ലൻഡ് എന്നീ രാജ്യങ്ങളാണ് കാറ്റുകൾക്ക് പേരിടുന്ന രാജ്യങ്ങളുടെ ആദ്യ പട്ടികയിൽ ഉണ്ടായിരുന്നത്. പുതിയ പട്ടികയിൽ ഇറാൻ, ഖത്തർ, സൗദി, യുഎഇ, യെമൻ തുടങ്ങി അഞ്ച് രാജ്യങ്ങൾക്ക് കൂടി വാതനാമകരണത്തിന് അവസരമുണ്ട്.
ആദ്യ പട്ടികയിൽ ഇന്ത്യ നാമകരണം ചെയ്ത ചുഴലിക്കാറ്റുകളായിരുന്നു അഗ്നി, ആകാശ്, ബിജിലി, ജൽ, ലെഹർ, മേഘ്, സാഗർ, വായു തുടങ്ങിയവ. ഇതിൽ കേരളത്തിൽ നാശം വിതച്ച ഓഖിക്ക് ആ പേര് നൽകിയത് ബംഗ്ലാദേശ് ആയിരുന്നു. കണ്ണ് എന്നാണ് ‘ഓഖി‘ എന്ന വാക്കിന്റെ അർത്ഥം. ഗതി, തേജ്, മുരശു, ആഗ്, വ്യോം, ജോർ, പ്രോബാഹോ, നീർ, പ്രപഞ്ചൻ, ഗുർണി, ആംബുദ്, ജലധി, വേഗ തുടങ്ങിയവയാണ് രണ്ടാം ഘട്ട പട്ടികയിൽ ഇന്ത്യ നാമകരണം ചെയ്തിരിക്കുന്ന കാറ്റുകൾ. ഇതിൽ ഇനി ആദ്യം വരുന്നത് ബംഗ്ലാദേശ് നാമകരണം ചെയ്ത പബൻ ആയിരിക്കും. പിന്നിട് ഇന്ത്യയുടെ ‘ഗതി‘ വരും.
കാറ്റുകൾക്ക് ഇടുന്നത് പെട്ടെന്നു പറയാനും ഓർത്തിരിക്കാനും കഴിയുന്ന ആകർഷകമായ ചെറിയ പേരുകളാണെന്ന് ഈ വർഷം പുതിയ പട്ടിക തയാറാക്കുന്നതിനു നേതൃത്വം നൽകിയ ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രം അധികൃതർ പറയുന്നു. ഒരിക്കൽ ഉപയോഗിച്ച പേര് ആവർത്തിക്കില്ലെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു.
Discussion about this post