ബംഗളൂരൂ :തെലങ്കാനയിലെ നാഗർകുർനൂൽ തുരങ്കത്തിന്റ തകർന്ന ഭാഗത്ത് കുടുങ്ങിയ എട്ട് പേരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ നാലാം ദിവസത്തിലേക്ക്.
ടണലിന്റെ ഉള്ളിൽ ചെളിയുടെയും വെള്ളത്തിന്റെയും നിരപ്പ് ഉയരുന്നതിനാൽ തിരച്ചിൽ തൽക്കാലം നിർത്തിവച്ചു.
രാവിലെ അകത്തേക്ക് പോയ സംഘം പുറത്തേക്ക് തിരിച്ചു വന്ന് വെള്ളത്തിന്റെയും ചെളിക്കെട്ടിന്റെയും നിരപ്പ് അപകടകരമാം വിധം ഉയർന്നതായി സ്ഥിരീകരിച്ചു. നിലവിൽ ടണലിന്റെ 11.5 കിലോമീറ്റർ ദൂരം വരെ മാത്രമേ കടക്കാൻ കഴിയുന്നുള്ളൂ. ഇന്നലെ രാവിലെ ദൗത്യസംഘം കുടുങ്ങിയവരുണ്ടെന്ന് കരുതുന്ന സ്ഥലത്തിന്റെ 40 മീറ്റർ വരെ അടുത്ത് രക്ഷാ പ്രവർത്തകർ എത്തിയിരുന്നു. ദൗത്യസംഘത്തിന്റെ കൂടി സുരക്ഷ കണക്കിലെടുത്താണ് തല്ക്കാലം രക്ഷാപ്രവർത്തനം നിർത്താൻ ജില്ലാ കളക്ടർ തീരുമാനിച്ചത്. ഉപമുഖ്യമന്ത്രി മല്ലു ഭട്ടി വിക്രമാർക്ക കൂടി സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
എട്ട് പേരാണ് ടണലിൽ കുടുങ്ങിയിരിക്കുന്നത്. കഴിഞ്ഞദിവസം തുരങ്ക പദ്ധതിയുടെ മുകൾഭാഗം ഇടിഞ്ഞ് വീണാണ് അപകടം നടന്നത്. ദൗത്യം അതീവ ദുഷ്‌കരമാണെന്ന് സൈന്യം അറിയിച്ചു. മേൽക്കൂരയിലെ വിള്ളൽ മൂലം വെള്ളമിറങ്ങിയതാണ് അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം.
നാഗർകുർണൂൽ ജില്ലയിലെ ശ്രീശൈലം ഡാമിന് പിന്നിലുള്ള തുരങ്കമാണ് ഇടിഞ്ഞത്. തുരങ്കത്തിൻറെ ഒരു ഭാഗത്തുണ്ടായ ചോർച്ച പരിഹരിക്കാൻ തൊഴിലാളികൾ അകത്ത് കയറിയപ്പോഴാണ് അപകടം സംഭവിച്ചത്. നിർമാണം പൂർത്തിയാകാത്തതിനാൽ അടച്ചിട്ടിരിക്കുകയായിരുന്ന തുരങ്കം ഫെബ്രുവരി 18നാണ് തുറന്നത്. വെള്ളം കൊണ്ടുപോയി തുടങ്ങിയതോടെയുണ്ടായ ചോർച്ച പരിഹരിക്കാനാണ് തൊഴിലാളികൾ ഇറങ്ങിയത്. പിന്നാലെ തുരങ്കത്തിന്റെ മുകൾ ഭാ?ഗം ഇടിയുകയായിരുന്നു.
Discussion about this post