പ്രയാഗ്‌രാജ്: ലോകത്തിലെ തന്നെ ഏറ്റവും വലിയ ആത്മീയ സംഗമമായ മഹാകുംഭമേളയുടെ അവസാന ദിവമാണ് നാളെ. ശിവരാത്രി ദിനമായ നാളെയാണ് മഹാകുംഭമേളയുടെ അവസാന അമൃതസ്‌നാനം. നാളത്തെ അമൃതസ്‌നാനത്തിൽ ഒരു കോടിയിലേറെ ഭക്തർ പങ്കെടുക്കുമെന്നാണ് കരുതുന്നത്.
കുംഭമേളയുടെ അവസാന ദിവസത്തിലെ തിരക്ക് കണക്കിലെടുത്ത് വിപുലമായ സുരക്ഷാക്രമീകരണങ്ങളാണ് ഉത്തർപ്രദേശ് സർക്കാർ ഒരുക്കിയിരിക്കുന്നത്. ജനുവരി 13ന് മഹാകുംഭമേള ആരംഭിച്ചത് മുതൽ, 64 കോടിയോളം ഭക്തർ ത്രിവേണി സംഗമത്തിൽ പുണ്യസ്‌നാനം നടത്തിയതായി യുപി സർക്കാരിന്റെ ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ഇതുവരെ അഞ്ച് അമൃതസ്‌നാനങ്ങളാണ് കുംഭമേളയിൽ നടന്നത്. ജനുവരി 13, 14, 29, ഫെബ്രുവരി 3, 12 തീയതികളിലാണ് അമൃതസ്‌നാനം നടന്നത്.
കുംഭമേള അവസാനത്തിലേക്കടുക്കുമ്പോൾ പതിവിലും കൂടുതൽ തിരക്ക് പ്രയാഗ്‌രാജിൽ അനുഭവപ്പെടുന്നുണ്ട്. നാളെ പുണ്യസ്‌നാനം നടത്തുന്നതിനായി ഭക്തർക്ക് സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി, ലഖ്നൗവിൽ നിന്നും പ്രതാപ്ഗഡിൽ നിന്നും വരുന്ന തീർത്ഥാടകർക്കായി അധികൃതർ ഫഫാമൗ ഘട്ട് സജീകരിച്ചിട്ടുണ്ട്. രേവാൻ, ബന്ദ, ചിത്രകൂട്, മിർസാപൂർ എന്നിവിടങ്ങളിൽ നിന്നുള്ളവർക്കായി അരൈൽ ഘട്ടും കൗസമ്പിയിൽ നിന്നുള്ളവർക്കായി സഘം ഗട്ടും ഒരുക്കിയിരിക്കുന്നു.
സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി, കുംഭമേള നടക്കുന്ന പ്രദേശത്ത് എല്ലാ വാഹനങ്ങളും അനുവദിക്കില്ല. പാസുള്ള വാഹനങ്ങൾക്ക് മാത്രമേ നിയുക്ത പാർക്കിംഗ് ഏരിയകളിൽ പാർക്ക് ചെയ്യാൻ അനുവാദമുള്ളൂ. പ്രയാഗ്രാജിലേക്കുള്ള എല്ലാ പ്രധാന ഹൈവേകളിലും മറ്റ് വഴികളിലും മോട്ടോർ ബൈക്കുകളിൽ 40 പോലീസ് സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. പ്രയാഗ്രാജിനെ ബന്ധിപ്പിക്കുന്ന ഏഴ് റോഡ് റൂട്ടുകളിലായി അഡീഷണൽ ഡയറക്ടർ ജനറൽ, ഇൻസ്പെക്ടർ ജനറൽ തലത്തിലുള്ള ഉദ്യോഗസ്ഥരെ നിയോഗിക്കും.
കുംഭമേളയുടെ അവസാന ദിവസം മഹാശിവരാത്രിയായതിനാൽ നഗരത്തിലെ എല്ലാ ശിവക്ഷേത്രങ്ങളിലും ഭക്തർക്ക് സന്ദർശനം അനുവദിക്കും. ക്രമസമാധാന പാലനത്തിനായി കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെ ഇതിനകം വിന്യസിച്ചിട്ടുണ്ട്.
ഇത്തവണത്തെ കുംഭമേളയിൽ 45 കോടിയിലധികം ഭക്തർ പങ്കെടുക്കുമെന്ന് തുടക്കത്തിൽ തന്നെ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. എന്നാൽ, ഫെബ്രുവരി 11 ആയപ്പോഴേക്കും ആ നാഴികക്കല്ല് പിന്നിട്ടിരുന്നു. അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ ഭക്തരുടെ എണ്ണം 50 കോടി കവിഞ്ഞു.
Discussion about this post