തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളില്‍ ഡിസംബര്‍ ഒന്നിന് പുതിയ ഭരണസമിതി അധികാരമേറുന്ന വിധത്തിലുള്ള തിരഞ്ഞെടുപ്പ് ഷെഡ്യൂള്‍ കോടതിയില്‍ നല്കാന് സര്‍ക്കാര്‍ ഒരുങ്ങുന്നു. വിവാദങ്ങള്‍ അവസാനിപ്പിക്കാനെന്നോണം വാര്‍ഡ് പുനര്‍നിര്‍ണയ സമിതി അംഗങ്ങളായ വകുപ്പ് സെക്രട്ടറിമാര്‍ തിരഞ്ഞെടുപ്പ് കമ്മിഷനുമായി അനൗപചാരിക ചര്‍ച്ച ആരംഭിച്ചു.
സെപ്തംബര്‍ മൂന്നിന് ഹൈക്കോടതി ഡിവിഷന്‍ബെഞ്ച് കേസ് പരിഗണിക്കുമ്പോള്‍ സര്‍ക്കാര്‍ പുതിയ ഷെഡ്യൂള്‍ സമര്‍പ്പിക്കും. അതിനെ എതിര്‍ക്കില്ലെന്നാണ് തിങ്കളാഴ്ച രാത്രി മുഖ്യമന്ത്രിയുമായും മന്ത്രിമാരുമായും നടത്തിയ ചര്‍ച്ചയില്‍ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ കെ. ശശിധരന് നായര്‍ അറിയിച്ചത്. വാര്‍ഡ് പുനര്‍വിഭജനവും മറ്റും പൂര്‍ത്തിയാക്കി തിരഞ്ഞെടുപ്പ് നടത്താന്‍ 45 ദിവസം കമ്മിഷണര്‍ ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ചുള്ള നടപടികള്‍ക്കാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്.
സെപ്തംബര്‍ മൂന്നിന് കോടതിയുടെ അനുകൂല തീര്‍പ്പ് കിട്ടിയാലുടന്‍ പുനര്‍വിഭജനം ആരംഭിക്കും. 50ഓളം ബ്ലോക്ക് പഞ്ചായത്തുകള്‍ പുനര്വിഭജിക്കണം. പതിനഞ്ചോളം ഗ്രാമപഞ്ചായത്തുകളുടെ ഭാഗങ്ങള്‍ മാറ്റി ക്രമീകരിക്കണം. ഇവ ഉള്‍പ്പെടുന്ന ജില്ലാ പഞ്ചായത്ത് ഡിവിഷന് വാര്‍ഡ് വിഭജനവും പൂര്‍ത്തിയാക്കണം. അതിന്റെ കരട് പ്രസിദ്ധീകരിച്ച് ആക്ഷേപങ്ങള്‍ സ്വീകരിച്ച് അന്തിമപട്ടിക പുറത്തിറക്കണം. ഈ നടപടികളെല്ലാം ഒക്ടോബര്‍ 17ന് തീര്‍ക്കാമെന്നാണ് കണക്കുകൂട്ടല്‍. 20നോ 21നോ കമ്മിഷന് വിജ്ഞാപനമിറക്കാം. നവംബര്‍ 20നും 30നുമിടയ്ക്ക് വോട്ടെടുപ്പും വോട്ടെണ്ണലും പൂര്‍ത്തിയാക്കാം. നവംബര്‍ 23,25 തീയതികളില്‍ വോട്ടെടുപ്പാവാം. 28ന് വോട്ടെണ്ണലും. ഡിസംബര്‍ ഒന്നിന് പുതിയ ഭരണസമിതികള്‍ നിലവില്‍ വരും. കമ്മിഷനുമായി ചര്‍ച്ച ചെയ്ത ശേഷമായിരിക്കും സര്‍ക്കാര്‍ ഈ വിശദാംശങ്ങള്‍ കോടതിയെ ധരിപ്പിക്കുക.
അതേസമയം ഒക്ടോബര്‍ 31നകം തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കി ഭരണഘടനാബാദ്ധ്യത നിറവേറ്റാനാണ് ഹൈക്കോടതി നിര്‍ദ്ദേശിച്ചത്. അതിനാല്‍ കോടതി ഇനി എന്ത് പറഞ്ഞാലും അതനുസരിച്ച് മുന്നോട്ട് പോകുമെന്നാണ് കമ്മിഷണറുടെ നിലപാട്.
28 മുനിസിപ്പാലിറ്റികളും കണ്ണൂര്‍ കോര്‍പറേഷനും കോടതി അംഗീകരിച്ച സ്ഥിതിക്ക് അവിടെയും തിരഞ്ഞെടുപ്പ് നടത്താന്‍ വാര്‍ഡ് പുനര്‍വിഭജനത്തിനുള്ള സമയമായിരിക്കും സര്‍ക്കാര്‍ കോടതിയില്‍ ചോദിക്കുക. ഈ ആവശ്യം ഉന്നയിച്ച് വാര്‍ഡ് പുനര്‍നിര്‍ണയകമ്മിഷന്‍ ചെയര്മാന് കൂടിയായ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ക്ക് അംഗങ്ങളായ വകുപ്പ് സെക്രട്ടറിമാര്‍ കത്ത് നല്‍കിയിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് കമ്മിഷനുമായുള്ള ചര്‍ച്ചയില്‍ സര്‍ക്കാര്‍ നിലപാട് കടുപ്പിച്ചത്.
കോര്പറേഷന് വിഭജിച്ച് മുനിസിപ്പാലിറ്റിയാക്കിയത് കോടതി തള്ളിയ സ്ഥിതിക്ക്, പുതുതായി മുനിസിപ്പാലിറ്റികളും കോര്‍പറേഷനുമായി ഉയര്‍ത്തിയ പഞ്ചായത്തുകളെ തിരിച്ച് തരംതാഴ്ത്തുന്നതും തെറ്റാണെന്നായിരിക്കും കോടതിയില്‍ സര്‍ക്കാര്‍ വാദിക്കുക. വികസനപ്രശ്നങ്ങളും ഉയര്‍ത്തിക്കാട്ടും. നഗരസഭകളുടെ എണ്ണം കുറഞ്ഞതിനാല്‍ പോയവര്‍ഷം നാല് സ്മാര്‍ട്ട് സിറ്റികള്‍ കേരളത്തിന് നഷ്ടപ്പെട്ടെന്നാണ് സര്‍ക്കാര്‍വാദം. ഒരു സ്മാര്‍ട്ട് സിറ്റിക്ക് 500 കോടി വച്ച് കഴിഞ്ഞവര്‍ഷം 2000 കോടി നഷ്ടമായി. തമിഴ്നാട്ടില്‍ ഗ്രാമങ്ങളെ പോലും നഗരസഭകളാക്കിയത് വഴി അവിടെ 12 സ്മാര്‍ട്ട് സിറ്റികള്‍ കിട്ടിയെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടും.
Discussion about this post