തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പിണറായിക്ക് സമനില തെറ്റി ഇരിക്കുകയാണ്. ഭയത്താൽ വേട്ടയാടപ്പെടുന്ന അദ്ദേഹത്തിന് സ്വന്തം നിഴലിനോട് പോലും ഭയമാണെന്ന് സുരേന്ദ്രൻ പറഞ്ഞു.
സ്വർണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികൾ ഏതുസമയവും തന്നിലേക്ക് എത്തിച്ചേരുമെന്ന് ഭയമാണ് മുഖ്യമന്ത്രിക്ക്. കള്ളുകുടിച്ച് കുരങ്ങനെ തേൾ കുത്തിയാൽ എങ്ങനെയിരിക്കും എന്നതുപോലെയാണ് മുഖ്യമന്ത്രിയുടെ വികാരപ്രകടനം കാണുമ്പോൾ തനിക്ക് തോന്നുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. “ബിജെപിക്ക് മറുപടി പത്രസമ്മേളനത്തിലല്ല, വേറെ നൽകുമെന്നാണ് പറഞ്ഞത്. അത് അംഗീകരിക്കുന്നു. കമ്മ്യൂണിസ്റ്റുകളുടെ അക്രമത്തിനിരയായി കൊല്ലപ്പെടുകയെന്നത് ബിജെപിക്കാരെ സംബന്ധിച്ച് പുതിയ കാര്യമല്ല. പിന്തിരിഞ്ഞോടാൻ തയ്യാറാകാത്തതു കൊണ്ടാണ് ഇന്ന് കേരളം ബിജെപിയെ അംഗീകരിക്കുന്നത്. ” സുരേന്ദ്രൻ വ്യക്തമാക്കി.
വിമർശനങ്ങളെ രാഷ്ട്രീയപരമായി നേരിടുകയാണ് വേണ്ടതെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി. മാനസികനില തെറ്റിയ ഒരാളെ പ്രസിഡണ്ട് ആക്കി വയ്ക്കാമോയെന്ന് ബിജെപി ചിന്തിക്കണമെന്ന പിണറായി വിജയന്റെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു കെ.സുരേന്ദ്രൻ.
Discussion about this post