കൊല്ലം: ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീലിനെതിരെ ഗുരുതര വിമർശനവുമായി എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കെ ടി ജലീലിന് പഴയ തീവ്രവാദ നിലപാടാണ് ഇപ്പോഴുമുള്ളതെന്ന് വെള്ളാപ്പാള്ളി ആരോപിച്ചു.
ജലീലിനെ നയിക്കുന്നത് സമുദായ സ്നേഹമാണ്. സ്വന്തം സമുദായത്തിന് വേണ്ടി ജലീൽ എന്തും ചെയ്യും. ഇതിന് തെളിവാണ് ശ്രീനാരായണ ഗുരു ഓപ്പൺ സർവ്വകലാശാല വൈസ് ചാൻസലറായി മലബാറിൽ നിന്നും ഒരാളെ ഇറക്കുമതി ചെയ്തത്. വി സിയായി ശ്രീനാരായണ ദർശനത്തിൽ അറിവുള്ളയാളെ നിയമിച്ചില്ല. ജലീലിന്റെ നടപടി സർക്കാരിൽ ഉള്ളവരെ പോലും ഞെട്ടിച്ചുവെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
സംസ്ഥാന സർക്കാരിനെ പോലും സമ്മർദ്ദത്തിലാക്കി സമുദായത്തിന് വേണ്ടി വിലപേശാൻ കെ ടി ജലീൽ തയ്യാറാകുന്നു. സമുദായ സ്നേഹം മറ്റുള്ളവർ ജലീലിൽ നിന്നും പഠിക്കണമെന്നും വെള്ളാപ്പള്ളി പരിഹസിച്ചു. കള്ളക്കടത്തിൽ പോലും ജലീൽ മതം നോക്കുകയാണ്. ബൈബിളോ മഹാഭാരതമോ കടത്താതെ ജലീൽ ഖുറാൻ തന്നെ കടത്തിയത് ഇതിന് തെളിവാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ന്യൂനപക്ഷങ്ങളും സംഘടിത ശക്തികളും ഇരിക്കാൻ പറയുമ്പോൾ കിടക്കുന്ന സംസ്കാരമാണ് ഇടതുപക്ഷത്തിന്റേതെന്നും വെള്ളാപ്പള്ളി നേരത്തെ വ്യക്തമാക്കിയിരുന്നു.
Discussion about this post