തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പു തീയതി അടുത്ത തിങ്കളാഴ്ച പ്രഖ്യാപിക്കും. ഇതുമായി ബന്ധപ്പെട്ട് അടുത്തയാഴ്ച സര്‍വകക്ഷിയോഗം വിളിക്കാനും തിരഞ്ഞെടുപ്പു കമ്മീഷന് തീരുമാനിച്ചു. വാര്‍ഡ് പുനര്‍നിര്‍ണയം ഒക്ടോബര്‍ ആദ്യം പൂര്‍ത്തിയാക്കണമെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഉറപ്പു നല്‍കണമെന്നും കമ്മീഷന് ആവശ്യപ്പെട്ടു. വാര്‍ഡ് പുനര്നിര്ണയസമിതിയോഗം വീണ്ടും ചേരും. തിരഞ്ഞെടുപ്പു തീയതി സമവായത്തിലൂടെ തീരുമാനിക്കാനാണു നീക്കം. സര്‍ക്കാരുമായി യോജിച്ച പ്രവര്‍ത്തനവുമായി മുന്നോട്ടു പോകാനാണ് തിരഞ്ഞെടുപ്പു കമ്മീഷന്റെ തീരുമാനം.
തദ്ദേശ തിരഞ്ഞെടുപ്പ് എപ്പോള്‍, എങ്ങനെ നടത്തണമെന്നു തിരഞ്ഞെടുപ്പു കമ്മിഷന്‍തന്നെ തീരുമാനിക്കട്ടെ എന്നു ഹൈക്കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു. തിരഞ്ഞെടുപ്പു കാര്യത്തില്‍ എന്തു തീരുമാനമെടുത്താലും ഉത്തരവാദിത്തം കമ്മിഷനു മാത്രമായിരിക്കും. തിരഞ്ഞെടുപ്പു നടത്താന്‍ ഒരുമാസംകൂടി സമയം നീട്ടിത്തരണമെന്ന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഉത്തരവിനു മുതിരുന്നില്ലെന്നു ഡിവിഷന് ബെഞ്ച് വ്യക്തമാക്കിയിരുന്നു.
ഇതിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരുമായുണ്ടാക്കിയ ധാരണ പ്രകാരം നവംബര്‍ അവസാനം തന്നെ തിരഞ്ഞെടുപ്പു നടത്തും. നവംബര്‍ 24 (ചൊവ്വ), 26 (വ്യാഴം) തീയതികളാണ് സര്‍ക്കാര്‍ മുന്നോട്ടുവച്ചിട്ടുള്ളത്. സര്‍ക്കാരുമായി തുടക്കത്തിലുണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിച്ച സാഹചര്യത്തില്‍ ഇനി ഒരു തര്‍ക്കത്തിനു കമ്മിഷന് തയ്യാറാകില്ല എന്ന പ്രതീക്ഷയിലാണ് യുഡിഎഫ് വൃത്തങ്ങള്‍.
Discussion about this post