കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ പിടിയിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ തുടർച്ചയായി കള്ളം പറയുന്നെന്ന് കസ്റ്റംസ് കോടതിയിൽ. ചോദ്യം ചെയ്യലിൽ ശിവശങ്കർ സത്യം പറയുന്നില്ല. മിക്ക ചോദ്യങ്ങൾക്കും തുടർച്ചയായി നുണ പറയുകയാണെന്നും ശിവശങ്കറിന്റെ ജാമ്യാപേക്ഷയെ എതിർത്ത കസ്റ്റംസ് കോടതിയിൽ വ്യക്തമാക്കി.
തനിക്ക് ഒരു ഫോണേയുള്ളൂ എന്നാണ് ശിവശങ്കർ മൊഴി നൽകിയത്. എന്നാൽ ശിവശങ്കറിന്റെ രണ്ട് ഫോണുകൾ കൂടി ഭാര്യ കൈമാറിയിട്ടുണ്ട്. ശിവശങ്കറിന്റെ വിദേശബന്ധങ്ങൾ അന്വേഷിക്കേണ്ടതാണെന്നും സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതിയിൽ കസ്റ്റംസ് അറിയിച്ചു.
കള്ളക്കടത്ത് കേസില്‍ ശിവശങ്കറെ നേരത്തെ തന്നെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചതാണെന്നും അന്ന് അസുഖം അഭിനയിച്ച് ഭാര്യ ഡോക്ടറായ ആശുപത്രിയില്‍ പ്രവേശിക്കുകയായിരുന്നുവെന്നും കസ്റ്റംസ് കോടതിയിൽ പറഞ്ഞു. ശിവശങ്കറിന്റെ മൂന്ന് ഫോണുകളും ഇപ്പോൾ കസ്റ്റഡിയിലുണ്ടെന്ന് കസ്റ്റംസ് വ്യക്തമാക്കി.
ശിവശങ്കർ പ്രിൻസിപ്പൽ സെക്രട്ടറിയായിരിക്കെ നിരവധി തവണ പ്രതികളുടെ കൂടെ വിദേശത്ത് പോയിട്ടുണ്ട്. അതിനാൽ ശിവശങ്കറിന്റെ വിദേശബന്ധം അന്വേഷിക്കണം. വിദേശത്തും കേസുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തേണ്ടതുണ്ടെന്നും കസ്റ്റംസ് അറിയിച്ചു.
അതേസമയം പ്രിൻസിപ്പിൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന് മാത്രമല്ല മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റു ചിലർക്ക് കൂടി കളളക്കടത്ത് സംബന്ധിച്ച് അറിവുണ്ടായിരുന്നു എന്നാണ് സ്വപ്ന സുരേഷ് കസ്റ്റംസിന് മൊഴി നൽകിയത്. കേസില്‍ സ്വപ്നയുടെയും സരിതിന്റെയും രഹസ്യമൊഴിയെടുക്കല്‍ ഇന്നും കോടതിയില്‍ തുടരുന്നുണ്ട്. നിലവിൽ കസ്റ്റംസിന്റെ കസ്റ്റഡിയിലാണ് പ്രതികൾ. കോൺസുലേറ്റ് ഉന്നതരുടെ പങ്കാളിത്തമടക്കം സ്വപ്നയുടെയും സരിത്തിന്റെയും രഹസ്യമൊഴിയിൽ ഉണ്ടെന്നാണ് വിവരം.
കൂടാതെ മുഖ്യമന്ത്രിയുട അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെന്റിന് പിന്നാലെ കസ്റ്റംസും തീരുമാനിച്ചിട്ടുണ്ട്.
Discussion about this post