തിരുവനന്തപുരം: പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ എസ് വി പ്രദീപ് അജ്ഞാതവാഹനം ഇടിച്ച് മരണപ്പെട്ട സംഭവത്തില്‍ ദുരൂഹത വർദ്ധിക്കുന്നു. ഒരേ ദിശയില്‍ വന്ന വാഹനം ഇടിച്ച് വീഴ്ത്തിയ ശേഷം നിര്‍ത്താതെ പോയതും, അപകടത്തില്‍ പെട്ട സ്കൂട്ടറിന്റെ പിന്‍വശത്തെ ഹാന്‍ഡ് റസ്റ്റ് മാത്രം തകര്‍ന്ന നിലയില്‍ കണ്ടതുമാണ് അപകടത്തില്‍ ദുരൂഹത വര്‍ദ്ധിക്കുവാന്‍ കാരണമായത്.
തലസ്ഥാന നഗരിയില്‍ പാപ്പനംകോട് കാരയ്ക്കാമണ്ഡപത്തിനടുത്താണ് അപകടം നടന്നത്. സ്കൂട്ടറിന് പിന്നില്‍ ഇടിച്ചത് മിനിലോറിയാണെന്ന് കണ്ടെത്തിയിരുന്നു. സി സി ടി വി ദൃശ്യങ്ങളില്‍ നിന്നുമാണ് ഇടിച്ചത് ലോറിയാണെന്ന് കണ്ടെത്തിയത്. എന്നാല്‍ അപകടമുണ്ടായ സ്ഥലത്ത് സി സി ടി വി ഉണ്ടായിരുന്നില്ല.
ഇന്നലെ വൈകിട്ട് 3.30നാണ് പിന്നാലെ വന്ന വാഹനം പ്രദീപിന്റെ സ്കൂട്ടര്‍ ഇടിച്ചുതെറിപ്പിച്ചു കടന്നുകളഞ്ഞത്. സ്വരാജ് മസ്ദ വാഹനമാണ് ഇടിച്ചതെന്ന് നാട്ടുകാരില്‍ ചിലര്‍ പറയുന്നത്.
അതേസമയം സമൂഹമാധ്യമങ്ങളില്‍ നിന്നടക്കം മകന് ഭീക്ഷണിയുണ്ടായിരുന്നതായി പ്രദീപിന്റെ അമ്മ ആരോപിച്ചു. മരണത്തെ കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്നു പ്രതിപക്ഷ നേതാവും ബിജെപി സംസ്ഥാന പ്രസിഡന്റും ആവശ്യപ്പെട്ടു. നിരവധി ചാനലുകളില്‍ പ്രവര്‍ത്തിച്ചിരുന്ന എസ് വി പ്രദീപ് ഇപ്പോള്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന്റെ ഭാഗമായി ഇപ്പോള്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. പിണറായി സർക്കാരിനെതിരായ സ്വര്‍ണകള്ളക്കടത്തിന്റെ ഉള്ളറകള്‍ തേടിയുള്ള നിരവധി റിപ്പോര്‍ട്ടുകള്‍ അദ്ദേഹം പുറത്ത് കൊണ്ടുവന്നിരുന്നു.
അത്തരത്തിലുള്ള ഒരു വന്‍ വെളിപ്പെടുത്തലിന് എസ് വി പ്രദീപ് ഒരുങ്ങുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. അതിനാല്‍ തന്നെ അജ്ഞാത വാഹനം ഇടിച്ചുള്ള അപകടത്തില്‍ മാധ്യമപ്രവര്ത്തകന് ജീവന് നഷ്ടമായതില്‍ ദുരൂഹതയേറുന്നു.
Discussion about this post