തിരുവനന്തപുരം: അങ്കമാലി- ശബരി റെയില്‍പാതയുടെ മൊത്തം ചെലവിന്റെ 50 ശതമാനം സംസ്ഥാനം ഏറ്റെടുത്ത് കിഫ്ബി മുഖേന തുക ലഭ്യമാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. 2,815 കോടിയാണ് പദ്ധതിയുടെ മൊത്തം ചെലവ്. 1997- 98-ലെ റെയില്‍വെ ബജറ്റില്‍ പ്രഖ്യാപിച്ചതാണ് എരുമേലി വഴിയുള്ള ശബരിപാത.
ശബരിമല ദര്‍ശനത്തിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന തീര്‍ഥാടകരുടെ സൗകര്യവും സംസ്ഥാനത്തിന്റെ തെക്കുകിഴക്ക് ഭാഗങ്ങളുടെ വികസനവും മുന്നില്‍ കണ്ടാണ് പദ്ധതി വിഭാവനം ചെയ്തത്. എന്നാല്‍ പദ്ധതി നടപ്പാക്കാന്‍ റെയില്‍വേ താല്പര്യം കാണിച്ചില്ല. പദ്ധതി പ്രഖ്യാപിക്കുമ്പോള്‍ ചെലവ് 517 കോടി രൂപയായിരുന്നതാണ് ഇന്ന് 2815 കോടി രൂപയായി ഉയര്‍ന്നത്. നിര്‍മാണച്ചെലവിന്റെ പകുതി സംസ്ഥാനം വഹിക്കണമെന്ന് പിന്നീട് റെയില്‍വേ നിലപാടെടുത്തു. ദേശീയ തീര്‍ഥാടന കേന്ദ്രമെന്ന നിലയില്‍ റെയില്‍വേയുടെ ചെലവില്‍ തന്നെ പദ്ധതി നടപ്പാക്കണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല.
ചെലവിന്റെ പകുതി ഏറ്റെടുക്കാന്‍ സംസ്ഥാനം തയാറാകണമെന്ന നിലപാടില്‍ റെയില്‍വേ ഉറച്ചുനിന്നു. ഈ സാഹചര്യത്തിലാണ് പദ്ധതിയുടെ പ്രാധാന്യം കണക്കിലെടുത്ത് ചെലവിന്റെ പകുതി വഹിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് മന്ത്രിസഭായോഗത്തിന് ശേഷം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
അങ്കമാലി- ശബരി പാതയുടെ നടത്തിപ്പും പരിപാലനവും റെയില്‍വേ മന്ത്രാലയം നിര്‍വഹിക്കണം, പാതയിലുള്‍പ്പെടുന്ന സ്റ്റേഷനുകളുടെ വികസനം പൊതു- സ്വകാര്യ പങ്കാളിത്തമുള്ള പ്രത്യേക കമ്പനി വഴി നടപ്പാക്കണം, വരുമാനത്തില്‍ ചെലവ് കഴിച്ചുള്ള തുക സംസ്ഥാനവും റെയില്‍വേയും 50:50 അനുപാതത്തില്‍ പങ്കിടണം എന്നീ വ്യവസ്ഥകളോടെയാണ് 50 ശതമാനം ചെലവ് വഹിക്കാന്‍ തീരുമാനിച്ചത്.
Discussion about this post