ആധാറില്‍ നല്‍കുന്ന തെറ്റായ വിവരങ്ങള്‍ പിന്നീട് വലിയ പ്രശ്നങ്ങള്‍ക്ക് കാരണമാകും. അതിനാല്‍ യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ഉപയോക്താക്കളെ അവരുടെ വിശദാംശങ്ങള്‍ അപ്ഡേറ്റ് ചെയ്യാനുള്ള സൗകര്യം അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ശ്രദ്ധിക്കേണ്ട ഒരു വസ്തുത. എല്ലാ അപ്ഡേറ്റുകളും വീണ്ടും വീണ്ടും ചെയ്യാനാവില്ലെന്നതാണ്. അതുകൊണ്ട് തന്നെ തെറ്റുകള്‍ വരുത്താതെ നിങ്ങളുടെ ആധാര്‍ വിശദാംശങ്ങള്‍ അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്. അതിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.
ഒന്നാമതായി റജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ തെറ്റാണെങ്കില്‍, അല്ലെങ്കില്‍ മാറ്റിയിട്ടുണ്ടെങ്കില്‍,അത് എത്ര തവണ വേണമെങ്കിലും അപ്‌ഡേറ്റ് ചെയ്യാം. മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യുന്നതിന് UIDAI ഒരു പരിധിയും ഏര്‍പ്പെടുത്തുന്നില്ല.
മറ്റൊന്ന് ആധാറില്‍ പേര് മാറ്റുന്നതിന് കര്‍ശനമായ നിയന്ത്രണങ്ങളുണ്ട്. രണ്ടുതവണ മാത്രമേ പേര് അപ്ഡേറ്റ് ചെയ്യാന്‍ കഴിയൂ. എന്നത് അറിയണം. അതിനാല്‍ പേരില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തുന്നതിന് മുന്‍പ് പരിശോധിച്ച് ഉറപ്പാക്കുക.
ഇത് വളരെ ശ്രദ്ധിക്കേണ്ട ഒന്നാണ്. ആധാര്‍ സിസ്റ്റത്തില്‍ ജനനത്തീയതി ഒരിക്കല്‍ മാത്രമേ അപ്‌ഡേറ്റ് ചെയ്യാന്‍ കഴിയൂ. ഇത് അപ്‌ഡേറ്റ് ചെയ്യുന്നതിന്, നിങ്ങളുടെ ജനന സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ പോലുള്ള ഔദ്യോഗിക രേഖകള്‍ സമര്‍പ്പിക്കേണ്ടതുണ്ട്.
ഇനി പുതിയ വീട്ടിലേക്ക് താമസം മാറിയിട്ടുണ്ടെങ്കില്‍ അല്ലെങ്കില്‍ സ്ഥിരം വിലാസം മാറ്റിയിട്ടുണ്ടെങ്കില്‍, ആധാര്‍ വിലാസം പരിധിയില്ലാതെ അപ്‌ഡേറ്റ് ചെയ്യാന്‍ കഴിയും. വൈദ്യുതി ബില്‍, വാടക കരാര്‍ അല്ലെങ്കില്‍ ബാങ്ക് സ്റ്റേറ്റ്‌മെന്റ് പോലുള്ള സാധുവായ താമസ തെളിവ് നല്‍കേണ്ടിവരും.
Discussion about this post