ആലത്തൂര്‍: വടക്കഞ്ചേരി അണക്കപ്പാറയില്‍ സംസ്ഥാന എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്പെഷല്‍ സ്ക്വാഡും ആലത്തൂര്‍ എക്സൈസ് റേഞ്ച് പാര്‍ട്ടിയും ചേർന്ന് ഞായറാഴ്ച പുലര്‍ച്ച നടത്തിയ റെയ്ഡിൽ സ്പിരിറ്റ് ചേര്‍ത്ത് വ്യാജ കള്ള് നിര്‍മിക്കുന്ന കേന്ദ്രം കണ്ടെത്തി. രണ്ടുവീടുകളില്നിന്ന് 1435 ലിറ്റര്‍ സ്പിരിറ്റ്, 2275 ലിറ്റര്‍ വ്യാജ കള്ള്, 550 ലിറ്റര്‍ പഞ്ചസാര ചേര്‍ത്ത സ്പിരിറ്റ് ലായിനി എന്നിവ പിടികൂടി. സംഭവസ്ഥലത്തുനിന്ന് 11,65,500 രൂപ കണ്ടെടുക്കുകയും ജോലിക്കാരായ ഏഴുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. വ്യാജ കള്ള്, സ്പിരിറ്റ് എന്നിവ കടത്താന്‍ ഉപയോഗിച്ചിരുന്ന അഞ്ച് വാഹനങ്ങളും കസ്റ്റഡിയിലെടുത്തു.
35 ലിറ്ററിെന്റ 41 കന്നാസുകളിലായിരുന്നു സ്പിരിറ്റ് സൂക്ഷിച്ചത്. 200 ലിറ്ററിെന്റ 13 ബാരലുകളില്‍ വ്യാജ കള്ളും തയാറാക്കിവെച്ചിരുന്നു. പെരുമ്പാവൂരില്‍ താമസിക്കുന്ന കോതമംഗലം സ്വദേശി സോമന് നായരുടെ ഉടമസ്ഥതയിലുള്ള വീട്ടിലും ആലത്തൂര്‍, കുഴല്‍മന്ദം മേഖലകളില്‍ കള്ള് ലേലത്തിലെടുത്ത കാവശ്ശേരി പാടൂര്‍ മണക്കാട് സ്വദേശി സുധീഷിന്റെ വീട്ടിലുമാണ് വ്യാജ കള്ള് നിര്‍മാണം നടന്നിരുന്നത്. രണ്ടുവീടുകളിലുമുണ്ടായിരുന്ന ഏഴുപേരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.
സോമന് നായരുടെ ഓഫിസ് മാനേജര്‍ കോട്ടയം ഏറ്റുമാനൂര്‍ സ്വദേശി വിന്‍സെന്റ് (56), ആലത്തൂര്‍ കാട്ടുശ്ശേരി സ്വദേശി ബൈജു (50), തൃശൂര്‍ കണ്ടശാംകടവില്‍ ചന്ദ്രന് (65), പെരിങ്ങോട്ടുകുറുശ്ശി പരുത്തിപ്പുള്ളിയില്‍ ശശി (46), വണ്ടിത്താവളം ശിവശങ്കരന് (50), കാവശ്ശേരി പാടൂര്‍ സ്വദേശി പരമേശ്വരന് (59), വടക്കഞ്ചേരി ആയക്കാട് വാസുദേവന്‍ (57) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതിെന്റ ഉടമസ്ഥരെന്ന് പറയുന്ന സോമന് നായരും സുധീഷും ഉള്‍പ്പെടെ ഒമ്പത് പേര്‍ക്കെതിരെയാണ് കേസ്. ഇവര്‍ രണ്ടുപേരും സ്ഥലത്ത് ഉണ്ടായിരുന്നില്ല. ഇവര്‍ക്കായി മറ്റു ജില്ലകളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു.
എന്‍ഫോഴ്സ്മെന്റ് ബ്യൂറോയിലെ ഇന്‍സ്പെക്ടര്‍ അനൂബ്, പ്രിവന്റിവ് ഓഫിസര്‍മാരായ മണി, ടി.പി. മണികണ്ഠന്, ജെ.ആര്. രഞ്ജിത്ത്, സ്ക്വാഡിലെ പ്രിവന്റിവ് ഓഫിസര്‍ പ്രഭ, അനില്‍കുമാര്‍, കെ. ആനന്ദ്, ആലത്തൂര്‍ സര്‍ക്കിള്‍ ഓഫിസിലെ ഇന്‍സ്പെക്ടര്‍ പി.എം. മുഹമ്മദ് റിയാസ്, വി. സുരേഷ്, പി.കെ. ഷിബു, എം. പ്രസാദ്, എബിന് ദാസ്, വേണുഗോപാല്‍, കെ. സുമേഷ്, റേഞ്ച് ഓഫിസിലെ ഇന്‍സ്പെക്ടര്‍ പ്രശോഭ്, ജഗദീശന്, ജലാലുദ്ദീന്‍, സന്ദീപ്, പ്രദീപ്, സി. സനോജ, ബിനുകുമാര്‍, രതീഷ്, വിജീഷ്, ടി.സി. സജീവ് എന്നിവരാണ് എക്സൈസ് സംഘത്തിലുണ്ടായിരുന്നത്.
Discussion about this post