ഡല്‍ഹി: ജൂലൈ ഒന്ന് മുതല്‍ യൂറോപ്യന്‍ യൂനിയന്റെ വാക്സിന് പാസ്പോര്‍ട്ട് നയം നിലവില്‍ വരുന്ന സാഹചര്യത്തിൽ കോവാക്സിനും കോവിഷീല്‍ഡും അംഗീകരിക്കണമെന്ന് യൂറോപ്യന്‍ യൂണിയൻ അംഗരാജ്യങ്ങളോട് ഇന്ത്യ ഔദ്യോഗികമായി ആവശ്യപ്പെട്ടു. ഈ നയത്തില്‍ നിലവിൽ കോവിഷീല്‍ഡും കോവാക്സിനും ഉള്‍പ്പെടാത്തത് കൊണ്ട് ഈ വാക്സിനുകള്‍ സ്വീകരിച്ച ഇന്ത്യൻ യാത്രക്കാര്‍ക്ക് യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ബുദ്ധിമുട്ടുണ്ടാക്കുമെന്ന ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഔദ്യോഗികമായി കോവിഷീല്‍ഡും കോവാക്സിനും അംഗീകരിക്കണമെന്ന ആവശ്യം ഇന്ത്യ ഉയര്‍ത്തിയിരിക്കുന്നത്.
ഇതിനു തീരുമാനമായില്ലെങ്കിൽ യൂറോപ്യന്‍ രാജ്യങ്ങളുടെ വാക്സിന് സര്‍ട്ടിഫിക്കറ്റുകള്‍ ഇന്ത്യയും സ്വീകരിക്കില്ലെന്ന മുന്നറിയിപ്പും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം നല്‍കിയിട്ടുണ്ട്. പര്സപരം സഹകരണത്തിന്റെ നയമാണ് ഇന്ത്യ സ്വീകരിച്ചിട്ടുള്ളതെന്നും, ഇന്ത്യന്‍ വാക്സിനുകള്‍ അംഗീകരിച്ചാല്‍ യൂറോപ്യന്‍ യൂണിയൻ അംഗരാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തുന്നവരെ നിര്‍ബന്ധിത ക്വാറന്റീനില്‍ നിന്ന് ഒഴിവാക്കമെന്നുമാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഫൈസര്‍, മൊഡേണ, അസ്ട്രസെനക-ഓക്സ്ഫഡ്, ജോണ്സന് ആന്‍ഡ് ജോണ്സന് എന്നീ കോവിഡ് വാക്സിനുകള്‍ക്കാണ് യൂറോപ്യന്‍ യൂനിയന്‍ അംഗീകാരം നല്‍കിയിട്ടുള്ളത്. അസ്ട്രാസെനകയുടെ ഇന്ത്യന്‍ പതിപ്പാണ് കോവിഷീല്‍ഡ് എന്നിരിക്കെ, അതിനെ അവര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. യൂറോപ്യന്‍ യൂനിയന്‍ അംഗീകരിച്ച വാക്സിന് കുത്തിവെച്ചവര്‍ക്ക് മാത്രമേ വാക്സിനേഷന് പാസ്പോര്‍ട്ട് നല്‍കുകയും അംഗരാജ്യങ്ങളില്‍ യാത്രയ്ക്കുള്ള അനുമതിയും നല്‍കൂവെന്നാണ് റിപ്പോര്‍ട്ട്.
‘കോവിന്‍ പോര്‍ട്ടല്‍ വഴി ലഭ്യമായ വാക്സിന് സര്‍ട്ടിഫിക്കറ്റുകള്‍ അംഗീകരിച്ചാല്‍ സമാനമായ ഇളവ് നല്‍കുന്നത് പരിഗണിക്കുമെന്ന് യൂറോപ്യന്‍ യൂണിയനെ അറിയിച്ചിട്ടുണ്ട്. ഇത് അംഗീകരിച്ചാല്‍ യൂറോപ്യന്‍ യൂണിയന്റെ കോവിഡ് സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവരെ നിര്‍ബന്ധിത ക്വാറന്റീനില്‍ നിന്ന് ഒഴിവാക്കിത്തരാമെന്നും അറിയിച്ചിട്ടുണ്ട്. ഇല്ലെങ്കില്‍ യൂറോപ്യന്‍ യൂണിയന് അംഗരാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ ഇന്ത്യയില്‍ നിര്‍ബന്ധിത ക്വാറന്റീനില്‍ ഇരിക്കേണ്ടി വരും’- വിദേശകാര്യ മന്ത്രാലയം വൃത്തങ്ങള്‍ അറിയിച്ചു.
Discussion about this post