തിരുവനന്തപുരം: ഞായറാഴ്ച വൈകിട്ട് 6 ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ ഓപ്പറേഷൻ തിയറ്ററിലെ സീലിങ് തകർന്നു വീണു. തിയറ്റർ സി–യിൽ ശസ്ത്രക്രിയ ഉപകരണങ്ങൾ വൃത്തിയാക്കുന്ന ഭാഗത്തെ സീലിംഗ് ആണ് പൊളിഞ്ഞു വീണത് . ഈ സമയം എല്ലാ ടേബിളുകളിലും ശസ്ത്രക്രിയകൾ നടക്കുന്നുണ്ടായിരുന്നു. ഈ ഭാഗത്ത് ജീവനക്കാർ ഉണ്ടായിരുന്നെങ്കിലും ആർക്കും പരുക്കില്ല . സീലിങ് പൂർണമായി ദ്രവിച്ച നിലയിലാണ്.
അപകട സാധ്യത നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ലെന്ന് നഴ്സുമാരുടെ വാട്സാപ് ഗ്രൂപ്പിൽ ചിലർ പ്രതികരിച്ചു. പണി നടത്തിയ എൻജിനീയറോട് വിശദീകരണം ചോദിക്കുമെന്ന് അധികൃതർ അറിയിച്ചു.
മൂന്നു മാസം അടച്ചിട്ട ശേഷം രണ്ടാഴ്ച മുൻപാണ് തിയറ്റർ പ്രവർത്തനം തുടങ്ങിയത്. ഇവിടം പരിശോധിച്ച അധികൃതർ ഇന്നു തന്നെ അറ്റകുറ്റപ്പണി നടത്താൻ സംവിധാനം ഒരുക്കാമെന്ന് ജീവനക്കാർക്ക് ഉറപ്പു നൽകി.
Discussion about this post