മഡ്രിഡ്: സ്പെയിനിലെ യുവ ബിഷപ് സേവ്യര്‍ നോവല്‍ രാജിവെച്ചു. സോള്‍സൊനയിലെ ബിഷപ്പും അങ്ങേയറ്റം യാഥാസ്ഥിതികനുമായ സേവ്യര്‍ നോവല്‍ കഴിഞ്ഞ മാസമാണ് രാജി പ്രഖ്യാപിച്ചത്. തികച്ചും വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് ഇദ്ദേഹം പറഞ്ഞിരുന്നത്. എന്നാല്‍, സാത്താനിക്- ഇറോട്ടിക് നോവലിസ്റ്റ് സില്‍വിയ കബല്ലോളുമൊത്ത് ജീവിക്കാനായാണ് ബിഷപ് രാജിവെച്ചതെന്ന് തദ്ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സ്പെയിനിലെ ഏറ്റവും പ്രായം കുറഞ്ഞ ബിഷപ്പായ സേവ്യര്‍ നോവല്‍ 2010ല്‍ 41ാം വയസിലാണ് ഈ സ്ഥാനത്തെത്തിയത്. കാറ്റലോണിയന്‍ മേഖലയായ സോള്‍സോനയിലെ ബിഷപ്പായാണ് ചുമതലയേറ്റത്. ഒഴിപ്പിക്കല്‍ ക്രിയകള്‍ക്ക് പേരുകേട്ട ബിഷപ്പ് സ്വവര്‍ഗാനുരാഗികളെ പരിവര്‍ത്തനം ചെയ്യിപ്പിക്കുന്നതിനായും ഇടപെട്ടിരുന്നു. കാറ്റലോണിയന്‍ സ്വാതന്ത്ര്യം, സ്വവര്‍ഗരതി തുടങ്ങിയ വിഷയങ്ങളില്‍ ബിഷപ്പിന്റെ നിലപാടുകള്‍ പലപ്പോഴും വിവാദമായിരുന്നു.
കാത്തലിക് ചര്‍ച്ചിന്റെ പുതിയ താരോദയമായി ഉയര്‍ന്നുവരുന്നതിനിടെ തീര്‍ത്തും അപ്രതീക്ഷിതമായാണ് രാജിവെക്കാന്‍ കഴിഞ്ഞ മാസം വത്തിക്കാന്റെ അനുമതി തേടിയത്. വത്തിക്കാനിലെത്തി നിരവധി തവണ കൂടിക്കാഴ്ച നടത്തിയതായും പറയപ്പെടുന്നു.
സാത്താനിക്-ഇറോട്ടിക് നോവലുകളെഴുതുന്ന സില്‍വിയ കബല്ലോളുമായി ബിഷപ് ഒരുമിച്ചു ജീവിക്കാനൊരുങ്ങുകയാണെന്ന വാര്‍ത്ത തികച്ചും അപ്രതീക്ഷിതമായാണ് പുറത്തുവന്നത്. വിവാഹമോചിതയായ ഇവര്‍ രണ്ടു കുട്ടികളുടെ അമ്മയും സൈക്കോളജിസ്റ്റുമാണ്. റിലീജിയന്‍ ഡിജിറ്റല്‍ എന്ന വെബ് പോര്‍ട്ടലാണ് ഇരുവരെയും കുറിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടത്.
ബിഷപ്പ് വിവാഹത്തിനായി സ്ഥാനമൊഴിഞ്ഞത് സഭയ്ക്കുള്ളില്‍ വിവാഹബന്ധം സംബന്ധിച്ച പുതിയ ചര്ച്ചയുയര്ത്തിയിരിക്കുകയാണ്.
Discussion about this post