പാരീസ് : ഫ്രാൻസിലെ റഷ്യൻ കോൺസുലേറ്റിൽ സ്ഫോടനം. ഭീകരാക്രമണം ആണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തെക്കൻ ഫ്രഞ്ച് നഗരമായ മാർസെയിലിലെ റഷ്യൻ കോൺസുലേറ്റിന് സമീപം സ്ഫോടനം നടന്നതായാണ് ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പ്രാഥമിക വിവരങ്ങൾ അനുസരിച്ച്, അജ്ഞാതരായ ആളുകൾ കോൺസുലേറ്റിന്റെ പരിസരത്തുള്ള പൂന്തോട്ടത്തിലേക്ക് രണ്ട് മൊളോടോവ് കോക്ടെയിലുകൾ എറിയുകയായിരുന്നു എന്നാണ് പറയുന്നത്.
റഷ്യൻ കോൺസുലേറ്റിന് നേരെ നടന്നത് ഭീകരാക്രമണം ആണെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖാരോവ പറഞ്ഞു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താനായി ഫ്രാൻസിനോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നും റഷ്യ വ്യക്തമാക്കി. സംഭവസ്ഥലത്തിന് സമീപത്ത് നിന്ന് മോഷ്ടിച്ച ഒരു കാർ കണ്ടെത്തിയിട്ടുണ്ട്. ഈ വാഹനം കേന്ദ്രീകരിച്ചാണ് പ്രാഥമിക അന്വേഷണം നടക്കുന്നത്. റഷ്യ-യുക്രൈൻ യുദ്ധത്തിന്റെ മൂന്നാം വാർഷികത്തിലാണ് റഷ്യൻ കോൺസുലേറ്റിന് നേരെ ആക്രമണം നടത്തിയത് എന്നുള്ളതും ശ്രദ്ധേയമാണ്.
യൂറോപ്പിലെ, പ്രത്യേകിച്ച് ജർമ്മനി, ബാൾട്ടിക്, സ്കാൻഡിനേവിയൻ (നോർവേ, സ്വീഡൻ, ഡെൻമാർക്ക്) രാജ്യങ്ങളിലെ റഷ്യൻ എംബസികൾക്കെതിരെ യുക്രേനിയൻ സർക്കാർ ഭീകരാക്രമണം നടത്താൻ പദ്ധതിയിടുന്നതായി റഷ്യയുടെ വിദേശ ഇന്റലിജൻസ് സർവീസ് (എസ്‌വിആർ) ഫെബ്രുവരി 19 ന് മുന്നറിയിപ്പ് നൽകിയിരുന്നു.
ഫ്രാൻസിലെ എല്ലാ റഷ്യൻ സ്ഥാപനങ്ങളുടെയും സുരക്ഷ വർദ്ധിപ്പിക്കാൻ ഫ്രഞ്ച് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുള്ളതായി റഷ്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഉയർന്ന സുരക്ഷയുടെ ആവശ്യകത ഫ്രാൻസ് മനസ്സിലാക്കുന്നുവെന്ന് ഉറപ്പാക്കാൻ വിദേശകാര്യ മന്ത്രാലയം ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും റഷ്യ വ്യക്തമാക്കി.
Discussion about this post