പട്ടാമ്പി : സ്വകാര്യ ധനകാര്യ സ്ഥാപനമുടമ കോടികളുടെ സാമ്പത്തിക തട്ടിപ്പു നടത്തി മുങ്ങിയതായി പരാതി. പട്ടാമ്പിയില്‍ പ്രവര്‍ത്തിക്കുന്ന ജനം നിധി ലിമിറ്റഡിനെതിരെയാണ് പരാതി. വീട്ടമ്മമാരെയും യുവാക്കളെയും കലക്ഷന്‍ ഏജന്റുമാരാക്കി ശേഖരിച്ച കോടികളുടെ നിക്ഷേപവുമായി രണ്ടാഴ്ച മുമ്പ് സ്ഥാപനത്തിന്റെ ഉടമ മുങ്ങിയെന്ന് നിക്ഷേപകരും ജീവനക്കാരും പരാതിപ്പെട്ടു.
പട്ടാമ്പിയില്‍ 100ലധികം ആളുകളാണ് തട്ടിപ്പിനിരയായത്. ജനം നിധി ലിമിറ്റഡിന്റെ പാലക്കാട്, ഗുരുവായൂര്‍, തൃശൂര്‍ എന്നിവിടങ്ങളിലുള്ള ശാഖകളിലും സമാനമായ തട്ടിപ്പ് നടന്നതായാണ് വിവരം. നിക്ഷേപത്തിനൊപ്പം ചിട്ടി നടത്തിപ്പിലും നിരവധി പേര്‍ക്ക് പണം നഷ്ടപ്പെട്ടു. നാലു വര്‍ഷം മുമ്പാണ് പട്ടാമ്പിയില്‍ സ്ഥാപനം തുറന്നത്.
ബിസിനസ്-വ്യക്തിഗത വായ്പകള്‍, റിക്കറിങ് ഡെപ്പോസിറ്റ്, സേവിങ്സ് ഡെപ്പോസിറ്റ്, ഫിക്സഡ് ഡെപ്പോസിറ്റ് എന്നീ സേവനങ്ങളാണ് നല്കി വന്നത്. നിക്ഷേപകര്‍ പട്ടാമ്പി പൊലീസിലും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. പരാതികളുടെ അടിസ്ഥാനത്തില്‍ പട്ടാമ്പി പൊലീസ് സ്ഥാപനത്തില്‍ റെയ്ഡ് നടത്തി ഫയലുകളും രേഖകളും പിടിച്ചെടുത്തു.
Discussion about this post