ചെന്നൈ: ക്രിപ്‌റ്റോ കറൻസി തട്ടിപ്പ് കേസിൽ സിനിമാ താരങ്ങളായ തമന്ന ഭാട്ടിയയെയും കാജൽ അഗർവാളിനെയും ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്. 2.4 കോടി രൂപയുടെ തട്ടിപ്പ് കേസ് ആണ് രണ്ട് നടിമാർക്കെതിരെയും ചുമത്തിയിരിക്കുന്നത്. പുതുച്ചേരി പോലീസ് ആണ് ഇരുവരെയും ചോദ്യം ചെയ്യുക.
പുതുച്ചേരി മൂലംകുളം സ്വദേശിയും മുൻ സൈനികനുമായ അശോകൻ നൽകിയ പരാതിയിലാണ് നടപടി. ക്രിപ്‌റ്റോ കറൻസി നിക്ഷേപത്തിൽ വഞ്ചിക്കപ്പെട്ടുവെന്ന് അശോകൻ നൽകിയ പരാതിയിൽ പറയുന്നു.
ഓൺലൈനിൽ ഒരു പരസ്യം കണ്ടതിന് ശേഷമാണ് ക്രിപ്‌റ്റോ കറൻസിയിൽ നിക്ഷേപം നടത്താൻ തീരുമാനിച്ചതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. പിന്നാലെ ഒരു അജ്ഞാത വ്യക്തിയുമായി കൂടിക്കാഴ്ച്ച നടത്തി. ഇതിന് പിന്നാലെ, പത്ത് ലക്ഷം രൂപ പദ്ധതിയിൽ നിക്ഷേപിച്ചു. 2022ൽ കോയമ്പത്തൂരിൽ നടന്ന കമ്പനിയുടെ ലോഞ്ചിംഗ് ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ടിരുന്നു. ഇവിടെ തമന്നയും മറ്റ് ചില താരങ്ങളും ഉണ്ടായിരുന്നു. ഇത്രയും പ്രമുഖരായ ആളുകളുടെ പങ്കാളിത്തവും പരിപാടിയുടെ വിജയവുഗ കണ്ട് പ്രചോദിതനായാണ് കൂടുതൽ പണം നിക്ഷേപിക്കാൻ അശോകൻ തീരുമാനച്ചത്. അങ്ങനെയാണ് ഒരു കോടി രൂപ പദ്ധതിയിൽ നിഷേപിച്ചത്. ഇതിന് പിന്നാലെ തന്റെ പത്ത് സുഹൃത്തുക്കളെ 2.4 കോടി രൂപ നിക്ഷേപിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു.
ഇതിന് പിന്നാലെ, മഹാബലിപുരത്ത് കാജൽ അഗർവാൾ മുഖ്യാതിഥിയായ പരിപാടിയിലും അശോകൻ ക്ഷണിക്കപ്പെട്ടിരുന്നു. പരിപാടിയിൽ നൂറിലധികം നിക്ഷേപകർക്ക് 10 ലക്ഷം രൂപ മുതൽ ഒരു കോടി വരെ വിലയുള്ള കാറുകൾ നൽകിയെന്നാണ് റിപ്പോർട്ടുകൾ. കാറിന് പകരം എട്ട് ലക്ഷം രൂപ പണമായി നൽകിയാൽ മതിയെന്നാണ് അശോകൻ വ്യക്തമാക്കിയിരുന്നു. എന്നാൽ, കമ്പനി വാഗ്ദാനം പാലിക്കാതെ വന്നതോടെ, തന്നെയും മറ്റ് നിക്ഷേപകരെയും വഞ്ചിച്ചുവെന്ന് വ്യക്തമാക്കി അശോകൻ പോലീസിൽ പരാതി നൽകുകയായിരുന്നു.
അശോകൻ നൽകിയ പരാതിയിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നിതീഷ് ജെയിൻ, അരവിന്ദ് കുമാർ എന്നിവരാണ് അറസ്റ്റിലായത്. പദ്ധതിയുമായി ബന്ധപ്പെട്ട പരിപാടിയിൽ പങ്കെടുത്തതിന്റെ പേരിലാണ് നടിമാരെ ചോദ്യം ചെയ്യുന്നത്.
Discussion about this post