ഇന്ത്യൻ കൊവിഡ് വാക്സിനായ കൊവാക്സിന് അടിയന്തര ഘട്ടത്തിൽ ഉപയോഗത്തിന് അനുമതി നൽകി ബഹറിൻ. കൊവാക്സിന് ലോകാരോഗ്യ സംഘടന ഉപയോഗാനുമതി നൽകിയതിന് പിന്നാലെയാണ് ഇത്. കൊവാക്സിൻ ലക്ഷണങ്ങളോട് കൂടിയ കൊവിഡിനെതിരെ 77.8 ശതമാനം ഫലപ്രദമാണെന്ന് ലാൻസെറ്റിന്റെ പഠന റിപ്പോർട്ട് പുറത്ത് വന്നിരുന്നു. ലക്ഷണങ്ങളില്ലാത്ത കൊവിഡിനെതിരെ ഇത് 63.6 ശതമാനം ഫലപ്രാപ്തി കാണിക്കുന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
കൊവിഡ് ഡൽറ്റ വകഭേദത്തിനെതിരെ 65.2 ശതമാനവും കാപ്പ വകഭേദത്തിനെതിരെ 90.1 ശതമാനവുമാണ് കൊവാക്സിന്റെ ഫലപ്രാപ്തിയെന്ന് ലാൻസെറ്റ് റിപ്പോർട്ടിൽ പറയുന്നു. കൊവാക്സിന് പാർശ്വഫലങ്ങൾ സമാനമായ മറ്റ് വാക്സിനുകളെ അപേക്ഷിച്ച് കുറവാണെന്നും റിപ്പോർട്ടിൽ പറയുന്നു. കൊവാക്സിന് സുരക്ഷാ പ്രശ്നങ്ങൾ ഒന്നും തന്നെയില്ലെന്നും സുരക്ഷാ മാനദണ്ഡങ്ങൾക്ക് അനുസൃതമായാണ് വാക്സിന്റെ നിർമ്മാണവും സംഭരണവുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
മൂന്നാം ഘട്ട പരിശോധനയിൽ ചില കൊവിഡ് വകഭേദങ്ങൾക്കെതിരെ ഫൈസർ വാക്സിനെയും ആസ്ട്രാ സെനക വാക്സിനെയും അപേക്ഷിച്ച് കൊവാക്സിൻ കൂടുതൽ ഫലപ്രദമാണെന്നും പഠനം തെളിയിക്കുന്നു. ലക്ഷണങ്ങളില്ലാത്ത കൊവിഡിനെതിരെ കൊവാക്സിൻ വളരെയേറെ ഫലപ്രദമാണ്. ഇത് രോഗവ്യാപനം ചെറുക്കാൻ അങ്ങേയറ്റം ഗുണകരമാണ്. ചെലവ് കുറഞ്ഞ വാക്സിനായതിനാൽ കൊവാക്സിൻ വരുമാനം കുറഞ്ഞ രാജ്യങ്ങളിലും ദരിദ്ര രാജ്യങ്ങളിലും കൊവിഡ് വ്യാപനം കുറയ്ക്കുന്നതിൽ സുപ്രധാന പങ്ക് വഹിക്കുമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.
Discussion about this post