കൊച്ചി: ശബരിമലയിൽ ഹലാൽ ശർക്കര ഉപയോഗിക്കുന്നതിനെതിരെ ഭക്തർ ഹൈക്കോടതിയെ സമീപിച്ചു. ശബരിമല കർമ്മസമിതി ജനറൽ കൺവീനർ എസ്ജെആര്‍ കുമാറാണ് ഇതുമായി ബന്ധപ്പെട്ട് ഹർജി നൽകിയത്. മറ്റ് മതസ്ഥരുടെ മുദ്ര വച്ച ആഹാര സാധനം ശബരിമലയിൽ ഉപയോഗിക്കാൻ പാടില്ലെന്നാണ് ഹര്‍ജിയിലെ വാദം.
ഭക്ഷ്യയോഗ്യമല്ലാത്ത ശർക്കര പ്രസാദ നിർമ്മാണത്തിന് ഉപയോഗിച്ചത് ഗുരുതരമായ കുറ്റമാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. ഹലാൽ ശർക്കര ഉപയോഗിച്ച് നിർമ്മിച്ച പ്രസാദ വിതരണം അടിയന്തിരമായി നിർത്തണമെന്നും ലേലത്തിൽ പോയ ഭക്ഷ്യയോഗ്യമല്ലാത്ത ശർക്കര പിടിച്ചെടുത്തു നശിപ്പിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഹര്‍ജിയില്‍ ഹൈക്കോടതി ദേവസ്വം ബോർഡിന്റെ നിലപാട് തേടി.
സംഭവത്തിൽ ഹൈക്കോടതി ദേവസ്വം സ്പെഷ്യൽ കമ്മിഷണറോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. അപ്പം, അരവണ, പ്രസാദത്തിനുപയോഗിച്ച ചില ശർക്കര പാക്കറ്റുകളിൽ മാത്രമാണ് ഹലാൽ മുദ്ര ഉണ്ടായിരുന്നതെന്നാണ് ദേവസ്വം ബോർഡിന്റെ വിശദീകരണം.
Discussion about this post