ബിജെപി ഒബിസി മോർച്ച സംസ്ഥാന നേതാവ് ആഡ്വക്കേറ്റ് രഞ്ജിത് ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കേരള പൊലീസിനും മുഖ്യമന്ത്രിക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ പി എസ് സി ചെയർമാനും ബിജെപി നേതാവുമായ ഡോ. കെ എസ് രാധാകൃഷ്ണൻ. സംഭവത്തിൽ ഇന്റലിജൻസ് വീഴ്ചകളും കേരള പൊലീസിന്റെ ദുരൂഹമായ നടപടികളും ചൂണ്ടിക്കാട്ടി ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പ്രതികരണം നടത്തിയിരിക്കുന്നത്.
എസ് ഡി പി ഐ – കേരള പൊലീസ്- സിപിഎം അവിശുദ്ധ സഖ്യത്തിലേക്ക് വിരൽ ചൂണ്ടുന്ന ഡോ. രാധാകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:
ആലപ്പുഴയിൽ രഞ്ജിത് കൊല്ലപ്പെടുന്നത് രാവിലെ ആറുമണിക്ക് ശേഷം. കൊല നടന്നത് നഗരമദ്ധ്യത്തിൽ. കൊല നടന്ന് 30 മിനിറ്റിനുള്ളിൽ പോലീസ് വിവരം അറിഞ്ഞു. കൊല നടത്തിയവർക്ക് എറണാകുളം, കോട്ടയം, കൊല്ലം എന്നീ മൂന്ന് ജില്ലകളിലേക്ക് കടന്നതിനു ശേഷമെ രക്ഷപ്പെടാൻ കഴിയൂ. മൂന്ന് ജില്ലകളിലേക്ക് കടക്കാനായി ഒൻപത് വഴികളുണ്ട്. ഈ വഴികളിൽ സൂക്ഷ്മപരിശോധന നടത്തിയിരുന്നു എങ്കിൽ പ്രതികൾ ജില്ല കടന്നു പുറത്ത് പോകില്ലായിരുന്നു. എന്നാൽ പോലീസ് യാതൊരുവിധ നടപടികളും എടുത്തില്ല എന്നതാണ് വസ്തുത. കൊല കഴിഞ്ഞു നാല് മണിക്കൂർ കഴിഞ്ഞതിനുശേഷമാണ് വാഹനപരിശോധന ഉണ്ടാകുമെന്ന് പോലീസ് മാലോകരെ അറിയിച്ചത്. ഈ സന്ദർഭത്തിൽ രണ്ട് ചോദ്യങ്ങൾ പ്രസക്തമാണ്.
1) എന്തുകൊണ്ടാണ് കൊല നടത്തിയവർ ജില്ല വിട്ടു പുറത്തു പോകാനുള്ള സാധ്യത തടയാനായി പോലീസ് ശ്രമിക്കാതിരുന്നത്?
2) കൊല നടന്ന് നാലു മണിക്കൂറിനു ശേഷം വാഹനപരിശോധന ഉണ്ടാകുമെന്ന് ചാനൽ വഴി അറിയിച്ചത് ആരെ രക്ഷപ്പെടുത്തുന്നതിന് വേണ്ടിയായിരുന്നു?
എസ് ഡി പി ഐ നേതാവ് ഷാൻ കൊലചെയ്യപ്പെട്ട കാര്യം പോലീസിനും അറിയാം. എസ്ഡിപിഐ പലവട്ടം പരസ്യമായി കൊലവിളി നടത്തിയിട്ടുണ്ട്. ജോസഫ് മാഷടെ കൈവെട്ടിയ കാലം മുതൽ തന്നെ ഭീകരവാദ സ്വഭാവത്തോടെ മനുഷ്യരിൽ ഭയം ജനിപ്പിക്കാനായി അതിക്രമം കാണിക്കുക എന്നത് അവരുടെ സ്വഭാവമാണെന്നും അറിയാം. എന്നിട്ടും എന്തുകൊണ്ടാണ് പോലീസ് മുൻകരുതൽ എടുക്കാതിരുന്നത്? ബിജെപിയുടെ സംസ്ഥാന നേതാവെന്ന നിലയിൽ അദ്ദേഹത്തിന്റെ സുരക്ഷയ്ക്കായി യാതൊന്നും പോലീസ് ചെയ്യാതിരുന്നത് എന്തുകൊണ്ട്? ജനറൽ ആശുപത്രി, അങ്ങാടി എന്നു തുടങ്ങിയ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന നഗര പ്രദേശമാണ് വെള്ളക്കിണർ. ആ പ്രദേശത്ത് എസ്ഡിപിഐയ്ക്ക് വലിയ സ്വാധീനവും ഉണ്ട്. എന്നിട്ടും എന്തുകൊണ്ടാണ് ആ സമയത്ത് ആ പ്രദേശം പോലീസ് ശൂന്യമായത് ? ഏത് പോലീസ് ഉദ്യോഗസ്ഥനാണ് ഇത്തരം ഒരു തീരുമാനമെടുത്തത്?
രാഷ്ട്രീയ കൊലപാതകങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്തു നടത്തുന്നതുകൊണ്ട് അവയെക്കുറിച്ച് പോലീസിന് അറിയാൻ കഴിഞ്ഞില്ല എന്നാണ് വിജയ് സാഖറെ എന്ന ഐപിഎസ് ഉദ്യോഗസ്ഥൻ പറഞ്ഞത്. ക്രമസമാധാന നില തകർക്കുന്ന വിധത്തിൽ കൊലപാതകങ്ങൾ ആര് ആസൂത്രണം ചെയ്താലും അത് അറിയുകയും തടയുകയും ചെയ്യേണ്ടത് പോലീസല്ലേ? സംസ്ഥാന ഇന്റലിജൻസ് എഡിജിപിയുടെ പണി അതല്ലേ?
ഇതെല്ലാം നടന്നത് പോലീസിന്റെ മണ്ടത്തരം കൊണ്ടാണെന്ന് കേരള പോലീസിനെ അറിയുന്ന ആരും പറയില്ല. കാരണം കേസ് അന്വേഷിക്കാനും കുറ്റവാളിയെ കണ്ടെത്താൻ മാത്രമല്ല കുറ്റകൃത്യങ്ങളെക്കുറിച്ച് മുൻകൂർ വിവരം നേടുന്നതിലും കേരള പോലീസ് വിദഗ്ധരാണ്. എന്തുകൊണ്ടാണ് പ്രതികൾ എസ്ഡിപിഐക്കാരാകുമ്പോൾ ഈ വൈദഗ്ദ്ധ്യം പോലീസിന് ഇല്ലാതെ പോകുന്നത്? കേരളത്തിലെ പോലീസിൽ എസ്ഡിപിഐക്കാരോട്, കൂറുപുലർത്തുന്ന സംഘം പ്രവർത്തിക്കുന്നുണ്ടോ? പോലീസ് എടുക്കുന്ന രഹസ്യ തീരുമാനങ്ങൾ പോലീസിലെ പച്ചവെളിച്ച സംഘം അവരെ അറിയിക്കുന്നുണ്ടോ?
ഇനി, രാഷ്ട്രീയ കക്ഷികളുടെ ആസൂത്രിത കൊലപാതകങ്ങൾ മുൻകൂട്ടി അറിയാനുള്ള കെൽപ്പ് കേരള പോലീസിനില്ല എന്ന വിജയ് സാഖറയുടെ അഭിപ്രായം ശരിയാണെങ്കിൽ കേരളത്തിന്റെ ക്രമസമാധാന നിയന്ത്രണം കേരള പോലീസിനല്ല എന്നു സമ്മതിക്കുകയാണ് ചെയ്യുന്നത്. അത് തീർച്ചയായും ആഭ്യന്തര വകുപ്പിന്റെ പരാജയത്തെയാണ് ഉദാഹരിക്കുന്നത്. അതായത് വകുപ്പിന്റെ പരാജയം വകുപ്പു മന്ത്രി കൂടിയായ മുഖ്യമന്ത്രി ഏറ്റെടുക്കണമെന്നു സാരം.
എസ്ഡിപിഐക്കാരായ പ്രതികൾ വിദേശത്തേക്ക് കടന്നു കളയുന്നു എന്നാണ് പോലീസ് ഭാഷ്യം. അത് ശരിയാണെങ്കിൽ ആരെല്ലാം ചേർന്നാണ് അവരെ സംരക്ഷിക്കുന്നത് എന്ന ചോദ്യം പ്രസക്തമാകും. എസ്ഡിപിഐക്കാരുടെ സംരക്ഷകർ കരുത്തരായതുകൊണ്ടാണോ കേരള പോലീസ് അവരെ ഭയക്കുന്നത്? ഇതൊന്നും നമ്മുടെ മുഖ്യമന്ത്രി ശ്രദ്ധിക്കുന്നില്ല. കെ- റെയിലിന്റെ പേരിൽ പതിനായിരങ്ങളെ വഴിയാധാരമാക്കാനാണ് അദ്ദേഹത്തിന് താല്പര്യം. അതുതന്നെയാണ് നമ്മുടെ ദുര്യോഗവും.
(ഡോ. കെ. എസ്. രാധകൃഷ്ണൻ)
https://www.facebook.com/drksradhakrishnan/posts/4817136515042588
Discussion about this post