കൊൽക്കത്ത: ബംഗ്ലാദേശ് അതിർത്തി വഴി കന്നുകാലി കള്ളക്കടത്ത് നടത്തുന്ന സംഘത്തിലെ മുഖ്യ കണ്ണിയെ എൻഫോഴ്സ്മെന്റ് പിടികൂടി. ബംഗാൾ പൊലീസിന് കൈക്കൂലി നൽകി യഥേഷ്ടം കന്നുകാലിക്കടത്ത് നടത്തിയിരുന്ന മുഹമ്മദ് ഇനാമുൾ ഹഖാണ് പിടിയിലായത്. കന്നുകാലിക്കടത്തുമായി ബന്ധപ്പെട്ട് നേരത്തെ ഇയാൾ പിടിയിലായിരുന്നു. എന്നാൽ ജാമ്യത്തിലിറങ്ങി വീണ്ടും കുറ്റകൃത്യത്തിൽ ഏർപ്പെട്ടതോടെയാണ് ഇഡി ഇയാളെ പിടികൂടിയത്.
നേരത്തെ ഹഖിനെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ വിട്ടയക്കുന്നത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും സിബിഐ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ സുപ്രീം കോടതി പ്രതിക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.
ജാമ്യത്തിലിറങ്ങി വീണ്ടും കന്നുകാലിക്കടത്ത് നടത്തിയ ഇയാൾക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഇതിനെ അവഗണിച്ചും ലോക്കൽ പൊലീസിന്റെ സഹായത്തോടെ ഹഖ് കള്ളക്കടത്ത് തുടരുകയായിരുന്നു. സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടാണ് ഇഡി ഇയാളെ പിടികൂടിയിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ ശേഷം മറ്റ് അന്വേഷണ ഏജൻസികൾക്കും മുഹമ്മദ് ഇനാമുൾ ഹഖിനെ കൈമാറും.
Discussion about this post