ആലപ്പുഴ: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി മുന്നേറ്റം തടയാന്‍ കോണ്‍ഗ്രസ്-ലീഗ്-സി.പി.എം അവിശുദ്ധ സഖ്യമുണ്ടെന്ന് ബി.ജെ.പി ദേശീയ സമിതിയംഗം പി.കെ. കൃഷ്ണദാസ്. ഇതേക്കുറിച്ച് ഈ പാര്‍ട്ടികളുടെ നേതാക്കള്‍ നിലപാട് വ്യക്തമാക്കണം. പഞ്ചായത്ത് തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ദേശീയതലത്തില്‍ ഉണ്ടായ മാറ്റത്തിന് അനുബന്ധമായ പരിവര്‍ത്തനം കേരളത്തിലും ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
മലപ്പുറത്ത് കോട്ടക്കലിലും പൊന്നാനിയിലും താനൂരിലും കാസര്‍കോട് ചില ഭാഗങ്ങളിലും അവിശുദ്ധ സഖ്യം നിലനില്‍ക്കുന്നുണ്ട്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.ഐ ശക്തിതെളിയിക്കും. ബി.ജെ.പിക്കൊപ്പം നില്ക്കുന്ന നേതാക്കളെയും സംഘങ്ങളെയും അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നു. ജനശ്രദ്ധ തിരിച്ചുവിടാന്‍ വേണ്ടിയാണ് ഇത്തരം നീക്കങ്ങളെന്നും അദ്ദേഹം ആരോപിച്ചു.
മൂന്നാംമുന്നണിയെ ആരംഭത്തില്‍ തന്നെ ഉന്മൂലനം ചെയ്യാനുള്ള ശ്രമം നടക്കാന്‍ പോകുന്നില്ലെന്നും കൃഷ്ണദാസ് പറഞ്ഞു. ഹിന്ദു-മുസ്ലിം ഐക്യം തകര്‍ത്ത് നേട്ടമുണ്ടാക്കാനാണ് കോണ്‍ഗ്രസും സി.പി.എമ്മും ശ്രമിക്കുന്നത്. എസ്.എന്‍.ഡി.പി പാര്‍ട്ടി ഉണ്ടാക്കുമ്പോള്‍ അതുമായി സഹകരിക്കുന്നതിനെക്കുറിച്ച് അപ്പോള്‍ ചര്‍ച്ചചെയ്യും.
ഈ കൂട്ടുകെട്ടിന്റെ അടിത്തറ ഇളക്കുമെന്ന ജി. സുധാകരന്റെ വെല്ലുവിളി ദിവാസ്വപ്നം മാത്രമാണ്. അതിനുമുമ്പ് തന്നെ സി.പി.എം തകര്‍ന്നിരിക്കും. കേരളത്തില്‍ ഗോവധ നിരോധം ഇല്ലാത്തതിനാല്‍ അതിന്റെ പേരില്‍ ബീഫ് ഫെസ്റ്റ് അനാവശ്യമാണെന്നും ഏത് ഭക്ഷണം കഴിക്കണം എന്നത് ഓരോരുത്തരുടെയും മൗലികാവകാശമാണെന്നും കൃഷ്ണദാസ് പറഞ്ഞു.
Discussion about this post