മുംബൈ: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച സംഭവത്തിൽ സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരെ ബിഹാർ സ്വദേശിനി നൽകിയ കേസ് ഒത്തുതീർപ്പായി. മകന്റെ ജീവിതച്ചിലവിന് 80 ലക്ഷം രൂപ കൈമാറിയാണ് ബിനോയ് കേസ് ഒത്തുതീർപ്പാക്കിയത്. ഡാൻസ് ബാർ നർത്തകിയായ യുവതിയാണ് ബിനോയ്ക്കെതിരെ പരാതി നൽകിയിരുന്നത്.
ജീവനാംശം കൈമാറിയതോടെ ഒത്തുതീർപ്പു വ്യവസ്ഥകൾ ബോംബെ ഹൈക്കോടതി അംഗീകരിച്ചു. തുക കൈമാറിയതിലൂടെ കേസിൽ നിരപരാധിയാണെന്ന ബിനോയ് കോടിയേരിയുടെ വാദമാണ് ഇതോടെ പൊളിഞ്ഞത്. ജീവിതച്ചെലവ് നൽകിയതിലൂടെ യുവതിയുടെ ആരോപണം ശരിയെന്ന് തെളിയുകയാണ്. കേസിൽ ഡിഎൻഎ ഫലം പുറത്തുവിടാത്തതും വിവാദമായിരുന്നു.
2019 ജൂണിലാണ് ബിനോയ് കോടിയേരിക്കെതിരെ യുവതി രംഗത്തെത്തിയത്. ഗൾഫിൽ വെച്ച് വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നും ആ ബന്ധത്തിൽ എട്ട് വയസുളള മകൻ ഉണ്ടെന്നും മകനും തനിക്കും ജീവിതച്ചെലവ് നൽകണമെന്നും ആയിരുന്നു യുവതിയുടെ ആവശ്യം. മുംബൈ ഓഷിവാര പോലീസ് സ്റ്റേഷനിലായിരുന്നു പരാതി നൽകിയത്.
എന്നാൽ പരാതി വ്യാജമാണെന്നായിരുന്നു ബിനോയിയുടെ വാദം. ഇതിനെതിരെ ബിനോയ് ബോംബെ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. തുടർന്നാണ് ഡിഎൻഎ പരിശോധനയ്ക്ക് ഉത്തരവിട്ടത്. ഇതോടെ ബിനോയ് വെട്ടിലാകുകയായിരുന്നു. ഫലം പുറത്തുവിടണമെന്ന് യുവതി ആവശ്യമുന്നയിക്കുന്നതിനിടയിലാണ് ഇത്ര വലിയ തുക നൽകി കേസ് ഒത്തുതീർപ്പാക്കിയത്. കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറിയായിരിക്കെയാണ് കേസ് പുറത്തുവന്നത്.
Discussion about this post